ഫ്രഞ്ച് ഇടതിൻ്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ പൊലിഞ്ഞതു തീവ്ര വലത് സ്വപ്‌നങ്ങൾ

‘പൊതുപ്രവര്‍ത്തനത്തിൽ സ്ഥിരമായ ജയമോ പരാജയമോ ഇല്ല’, ബ്രിട്ടനിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പുറത്തായ പ്രധാനമന്ത്രി ഋഷി സുനകിനയച്ച കത്തിൽ രാഹുൽ ഗാന്ധി ഓര്‍മ്മിപ്പിച്ച വാചകമാണത്. ലേബര്‍ പാര്‍ട്ടിയുടെ വമ്പൻ തിരിച്ചുവരവിന് സാക്ഷിയായ ഈ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിൻ്റെ അമ്പരപ്പ് മായും മുൻപ്, യൂറോപ്പിലെ മറ്റൊരു വമ്പൻ ശക്തിയായ ഫ്രാൻസിൽ അപ്രതീക്ഷിതമായ ഫലമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഒന്നാമതുണ്ടായിരുന്ന തീവ്ര വലത് പാര്‍ട്ടി നാഷണൽ റാലിയെ മൂന്നാം സ്ഥാനത്താക്കി ഇടതുപക്ഷം അധികാരം പിടിച്ചു. പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനും സംഘത്തിനും രണ്ടാം സ്ഥാനവും ഒപ്പം ആദ്യ ഘട്ടത്തിലേക്കാൾ അധികം സീറ്റുകളും നേടാനായി.
മരിനെ ലെ പെന്നും അവരുടെ ചെറുപ്പക്കാരനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജോര്‍ദാൻ ബര്‍ദെല്ലയ്ക്കും ഈ തിരിച്ചടി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇമ്മാനുവേൽ മാക്രോണിൻ്റെ മിതവാദി വലത് പാര്‍ട്ടി എൻസംബിൾ സഖ്യത്തെ രണ്ടാം സ്ഥാനത്താക്കി ഇടതുപക്ഷം അധികാരത്തിലേറുകയായിരുന്നു. തീവ്ര നിലപാടുകാരനെന്ന് നിരന്തരം വിമര്‍ശിക്കപ്പെട്ട ജീൻ-ലൂക് മെലെങ്കോണിനെ മുന്നിൽ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് മികച്ച നേട്ടമാണ് ഉണ്ടായത്. പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തിയ ഇദ്ദേഹം മാക്രോൺ രാജിവെച്ച് അധികാരം തങ്ങൾക്ക് നൽകാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
ഫ്രാൻസിലെ നിയമമനുസരിച്ച് 2027 വരെ മാക്രോണിന് പ്രസിഡന്റായി തുടരാം. എന്നാൽ 577 അംഗ അധോസഭയിൽ 289 എന്ന കേവലഭൂരിപക്ഷം മറികടക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. അതിന് ഇമ്മാനുവേൽ മാക്രോണിന്റെ മിതവാദി സഖ്യത്തിൻ്റെ പിന്തുണ ഇടതുപക്ഷത്തിന് വേണം. നാഷണൽ റാലിയെ പരാജയപ്പെടുത്താൻ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ നാന്നൂറ് സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പിൻവലിച്ച ഇരു മുന്നണികൾക്കും ഇക്കാര്യത്തിൽ ധാരണയിലെത്താനാകുമെന്നാണ് കരുതുന്നത്. നേരത്തെയും ഇവര്‍ തമ്മിൽ സഖ്യത്തിലാണ് മുന്നോട്ട് പോയിരുന്നത്.
ഒന്നാം ഘട്ടത്തിൽ മുന്നിലായിരുന്ന മരിനെ ലെ പെന്നിൻ്റെ സഹോദരി മേരി കരോലിൻ 225 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1997 ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 66.63% പേര്‍ വോട്ട് രേഖപ്പെടുത്തി. നാഷണൽ റാലി ആകെ 32% വോട്ടും സഖ്യകക്ഷികൾക്കൊപ്പം 37% വോട്ടും നേടി. നാഷണൽ റാലിയെ അധികാരത്തിൽ നിന്ന് അകറ്റാൻ കൈകോര്‍ത്ത ഇടതുപക്ഷവും പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിൻ്റെ പാർട്ടിയും തന്ത്രപരമായ ധാരണ ഉണ്ടാക്കിയിരുന്നു. വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ നാനൂറിലേറെ സ്ഥാനാർത്ഥികളെ ഇരു മുന്നണികളും ചേർന്ന് പിൻവലിച്ച് തീവ്ര വലതുപക്ഷത്തിനെതിരായ പോരാട്ടം ശക്തമാക്കി. ഇതാണ് മരിനെ ലെ പെന്നിനും സംഘത്തിനും അമ്പരപ്പിക്കുന്ന തിരിച്ചടിയേൽക്കാൻ കാരണം.
അവിശുദ്ധ സഖ്യം ഉണ്ടാക്കിയാണ് തങ്ങളെ തോൽപ്പിച്ചതെന്നാണ് നാഷണൽ റാലിയുടെ പ്രതികരണം. ഫലസൂചന വന്നതിനു പിന്നാലെ നാഷണൽ റാലി പ്രവർത്തകർ പാരീസിൽ പൊലീസുമായി ഏറ്റുമുട്ടി. പുതിയ ദേശീയ അസംബ്ലിയുടെ യോഗം പത്ത് ദിവസത്തിനുള്ളിൽ വിളിച്ചു ചേര്‍ക്കേണ്ടതുണ്ട്. ജൂലൈ 26 ന് പാരീസ് ഒളിമ്പിക്സ് തുടങ്ങും. എന്നാൽ രാജ്യത്ത് ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ കോലാഹലങ്ങൾ രാജ്യത്തിൻ്റെ ക്രമസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിലയിൽ ശക്തമാകുമോയെന്ന വെല്ലുവിളിയും ഉയരുന്നുണ്ട്.
Story Highlights : In France’s recent runoff elections, a leftist coalition formed to prevent the far-right from obtaining power won the largest number of parliamentary seats.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here