ആവശ്യത്തിന് തൊഴിലവസരമില്ല, യുവാക്കൾക്ക് ഇന്ത്യയിൽ ദുരിതകാലമെന്ന് റിപ്പോർട്ട്; സിറ്റി ബാങ്കിനെതിരെ കേന്ദ്രം, ആയുധമാക്കി ഖർഗെ

ഏഴ് ശതമാനം ജിഡിപി വളർച്ചാനിരക്ക് ഉണ്ടായിട്ടും ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ പ്രയാസപ്പെടുകയാണെന്ന യുഎസ് ആസ്ഥാനമായുള്ള ബാങ്കിങ് ഭീമൻ സിറ്റിഗ്രൂപ് തയ്യാറാക്കിയ റിപ്പോർട്ട് തള്ളി കേന്ദ്ര തൊഴിൽ മന്ത്രാലയം. ഔദ്യോഗികമായി കണക്കുകൾ ലഭിക്കുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (പിഎൽഎഫ്എസ്) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാപിറ്റൽ, ലേബർ, എനർജി, മെറ്റീരിയൽ ആൻഡ് സർവ്വീസസ് ഡാറ്റ (കെഎൽഇഎംഎസ്) എന്നിവ പോലും പരിശോധിക്കാതെയാണ് സിറ്റിഗ്രൂപ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കേന്ദ്ര മന്ത്രാലയം ആരോപിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ 10 ലക്ഷത്തോളം വരുന്ന ഒഴിവുകൾ നികത്താനും റിപ്പോർട്ടിൽ സർക്കോരിനോട് സിറ്റിഗ്രൂപ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഇവരുടെ കണ്ടെത്തലുകളെ അംഗീകരിക്കുകയും കൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് വർഷം 1.2 കോടി തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും എന്നാൽ ഏഴ് ശതമാനത്തിന് മേലെ സാമ്പത്തിക വളർച്ചയുണ്ടായിട്ടും ഇന്ത്യക്ക് അത് സാധിക്കുന്നില്ലെന്നുമാണ് സിറ്റി ഗ്രൂപ്പിൻ്റെ റിപ്പോർട്ടിലെ പ്രധാന വിമർശനം. യുവാക്കൾക്ക് ആവശ്യത്തിന് തൊഴിൽ ലഭ്യമാക്കാൻ സർക്കാരിന് സാധിക്കുന്നില്ല, മോദി സർക്കാരിന് കീഴിൽ ശരാശരി 5.8% ജിഡിപി വളർച്ച മാത്രമാണ് നേടിയതെന്നുമാണ് സിറ്റി ഗ്രൂപ്പിൻ്റെ കണ്ടെത്തൽ. കോൺഗ്രസ് അടക്കം പ്രതിപക്ഷ നേതാക്കൾ റിപ്പോർട്ട് ആയുധമാക്കി കേന്ദ്രസർക്കാരിനെതിരെ രംഗത്ത് വന്നതോടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം സിറ്റി ഗ്രൂപ്പിനെതിരെ നിലപാടെടുത്തത്.
പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്), റിസർവ് ബാങ്കിൻ്റെ കാപിറ്റൽ, ലേബർ, എനർജി, മെറ്റീരിയൽ ആൻ്റ് സർവീസ് ഡാറ്റ (കെഎൽഇഎംഎസ്) എന്നിവ പ്രകാരം 2017 മുതൽ 2022 വരെ എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് കേന്ദ്രസർക്കാർ പറയുന്നു. കൊവിഡ് കാലത്ത് ലോകരാഷ്ട്രങ്ങൾ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴും ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നാണ് കേന്ദ്രസർക്കാരിൻ്റെ വാദം. വിവിധ മേഖലകളിലായി കേന്ദ്ര സർക്കാർ കാര്യക്ഷമമായി നടപ്പാക്കിയ പദ്ധതികളാണ് ഇതിന് സഹായകരമായതെന്നും കേന്ദ്രം അവകാശപ്പെടുന്നു.പീരിയോഡിക് ലേബർ ഫോർസ് സർവേ അടിസ്ഥാനമാക്കി തൊഴിൽ രംഗത്തേക്ക് കടന്നുവരുന്നവരേക്കാൾ കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കിയെന്നും അതിലൂടെ തൊഴിലില്ലായ്മ നിരക്കിൽ വലിയ തോതിൽ കുറവ് വരുത്താൻ സാധിച്ചെന്നും സർക്കാർ വ്യക്തമാക്കുന്നു.
എന്നാൽ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് വിഷയത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഉയർത്തുന്നത്. സിറ്റി ഗ്രൂപ്പിൻ്റെ തൊഴിലില്ലായ്മ കണക്ക് കേന്ദ്രത്തിന് തള്ളാം, പക്ഷെ കേന്ദ്രസർക്കാരിൻ്റെ തന്നെ കണക്കുകളെ സർക്കാർ എങ്ങനെ തള്ളുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാർ രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർപറേറ്റ് ഇതര സെക്ടറുകളിലെ സ്ഥാപനങ്ങളിലെ കണക്കുകൾ ക്രോഡീകരിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവിൻ്റെ വിമർശനം. ഏഴ് വർഷത്തിനിടെ മാനുഫാക്ചറിങ് രംഗത്ത് കോർപറേറ്റ് ഇതര സ്ഥാപനങ്ങളിൽ 54 ലക്ഷം തൊഴിലുകൾ നഷ്ടമായെന്ന് റിപ്പോർട്ട് പറയുന്നതായി അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ എഴുതി. ഇതോടൊപ്പം മറ്റ് നാല് കാരണങ്ങൾ കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎൽഒ റിപ്പോർട്ട് പ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരിൽ 83% പേരും യുവാക്കളാണ്, 2012 നും 2019 നും ഇടയിൽ ഏഴ് കോടിയാളുകൾ തൊഴിൽ ശേഷിയായി മാറിയപ്പോൾ തൊഴിലസവരങ്ങളിൽ 0.01% വർധന മാത്രമേ ഉണ്ടായുള്ളൂവെന്ന് ഇന്ത്യ എംപ്ലോയ്മെൻ്റ് റിപ്പോർട്ട് 2024 പറയുന്നു, അസിം പ്രേംജി സർവകലാശാലയുടെ 2023 ലെ റിപ്പോർട്ട് പ്രകാരം 25 വയസിന് താഴെ പ്രായമുള്ള 42.3% യുവാക്കളും തൊഴിൽ രഹിതരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ, സ്വയംതൊഴിൽ തുടങ്ങി ഏത് മേഖലയിലായാലും മോദി സർക്കാരിന് യുവാക്കളെ തൊഴിലില്ലാത്തവരായി നിലനിർത്തുകയാണ് ലക്ഷ്യമെന്നാണ് ഖർഗെയുടെ വിമർശനം.
Story Highlights : Center rejects Citi Bank report on India unemployment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here