‘മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് നൽകുന്ന തുക മതി, 2.5 കോടി അധികമായി വേണ്ട’: മാതൃകാപരമായ നിലപാടെടുത്ത് ദ്രാവിഡ്

ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ സമ്മാനത്തുകയായി തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്ന് രാഹുൽ ദ്രാവിഡ്. മറ്റ് പരിശീലകർക്ക് നൽകിയ 2.5 കോടി രൂപ മതിയെന്നാണ് ദ്രാവിഡിന്റെ വാക്കുകൾ. തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്നും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് നല്കുന്ന 2.5 കോടി രൂപ മാത്രം മതിയെന്നും ദ്രാവിഡ് നിലപാട് എടുത്തുവെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ മുൻ താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ബൗളിംഗ് കോച്ചായി പരാസ് മാംബ്രെയും ഫീല്‍ഡിംഗ് പരിശീലകനായി ടി ദിലീപും ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡുമായിരുന്നു ദ്രാവിഡിനൊപ്പം ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിലുണ്ടായിരുന്നത്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്ക്വാഡിലെ 15 താരങ്ങള്‍ക്കും മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നല്‍കാനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്.
മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് 2.5 കോടി രൂപ വീതവും സെലക്ടര്‍മാര്‍ക്കും ടീമിനൊപ്പമുണ്ടായിരുന്ന ട്രാവലിംഗ് മെമ്പേഴ്സിനും ഒരു കോടി രൂപ വീതവും സമ്മാനിക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു.ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുകയും ചെയ്തു. മുൻ ഓപ്പണർ ഗൗതം ഗംഭീറാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകുന്നത്.
Story Highlights : Rahul Dravid Refuses Bcci Extra bonus for T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here