സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക്; തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തി

വിഴിഞ്ഞത്തേക്കുള്ള ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തി. കപ്പലിന്റെ ആദ്യ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഔട്ടർ ഏരിയയിൽ എത്തിയ സാൻ ഫെർണാണ്ടോ കപ്പലിനെ ടഗ് ബോട്ടുകൾ തുറമുഖത്തോട് അടുപ്പിക്കും. ഇതിനായി ടഗ് ബോട്ടുകൾ സാൻഫെർണാണ്ടോ വരുന്ന തുറമുഖ ചാലിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. രാവിലെ 9.15 ന് കപ്പൽ ബർത്തിൽ അടുപ്പിക്കും.
ചരക്കുനിറച്ച 2000 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് അടുക്കുന്നത്. ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകും. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ വരെ നിരവധി മദർഷിപ്പുകളും, ഫീഡർഷിപ്പുകളും ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് എത്തും.
Story Highlights : First mother San Fernando ship to Vizhinjam Port arrived at the outer area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here