‘മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്ക്; രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നു’; എഡിആർഎം എംആർ വിജി

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജി. മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്ന് എംആർ വിജി പറഞ്ഞു.
ടണലിന്റെ അകത്തെ മാലിന്യം നീക്കം ചെയ്യേണ്ടത് നഗരസഭയാണെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ പറയുന്നു. റെയിൽവേയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ല എംആർ വിജി മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിലെ മാലിന്യങ്ങൾ തോട്ടിലേക്കല്ല ഒഴുക്കുന്നതെന്നും അതിന് പ്രത്യേക സംവിധാനമുണ്ടെന്നും എംആർ വിജി വ്യക്തമാക്കി. 2015,2017,2019 നഗരസഭയാണ് വ്യത്തിയാക്കിയത്. ഇത്തവണ കോർപറേഷൻ അസൗകര്യം പറഞ്ഞപ്പോൾ നല്ല ഉദ്ദേശത്തോടെയാണ് ഏറ്റെടുത്തതെന്ന് വിജി പറഞ്ഞു.
Read Also: ജോയിക്കായി തെരച്ചിൽ തുടരുന്നു; വെള്ളം ശക്തിയായി ഒഴുക്കിവിടുന്നു; നേവി സംഘം ഉടനെത്തും
റെയിൽവേയുടെ ഖര മാലിന്യം തോട്ടിൽ കളയുന്നില്ലെന്നും വെള്ളം മാത്രമേ ഒഴുകി വീഴുന്നുള്ളൂവെന്നും വിജി വ്യക്തമാക്കി. അതേസമയം ടണൽ വൃത്തിയാക്കാൻ കോർപറേഷൻ അനുമതി ആവശ്യപ്പെട്ട് ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്നും അനുവാദം ചോദിച്ചിട്ട് നൽകിയില്ലെന്ന മേയറുടെ വാദം പച്ചക്കള്ളമാണെന്നും വിജി ആരോപിച്ചു.
Story Highlights : Assistant Divisional Railway Manager against Thiruvananthapuram Corporation in Amayizhanchan ditch accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here