Advertisement

ട്രംപിന് നേരെ വെടിയുതിർത്തത് സ്വന്തം പാർട്ടിക്കാരൻ; കാരണം അവ്യക്തം

July 15, 2024
2 minutes Read
Thomas Mathew Croocks

തോമസ് മാത്യു ക്രൂക്‌സ്, പ്രായം 20, സ്വദേശം പെൻസിൽവാനിയ. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ നിറയൊഴിച്ച ശേഷമാണ് തോമസ് മാത്യു ക്രൂക്സ് ആഗോള ശ്രദ്ധയിലെത്തിയത്. പെൻസിൽവാനിയയിൽ ബട്‌ലർ എന്ന സ്ഥലത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് ഡൊണാൾഡ് ട്രംപിന് നേരെ ഇയാൾ നിറയൊഴിച്ചത്. സംഭവ സ്ഥലത്ത് തന്നെ പൊലീസിൻ്റെ വെടിയേറ്റ് ക്രൂക്സ് കൊല്ലപ്പെട്ടു. ഇയാളുടെ വെടിയേറ്റ 50കാരനായ മറ്റൊരു മനുഷ്യനും സംഭവത്തിൽ മരിച്ചു. മറ്റ് രണ്ട് പേർക്കും ട്രംപിൻ്റെ ചെവിക്കും പരിക്കേറ്റു.

ട്രംപിൻ്റെ പ്രചാരണ പരിപാടി നടന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ മാറി ഒരു കെട്ടിടത്തിൻ്റെ ടെറസിൽ കയറിയാണ് ക്രൂക്സ് കൃത്യം നടത്തിയത്. അച്ഛൻ്റെ പേരിലുള്ള എ.ആർ15 സ്റ്റൈൽ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗമായ ക്രൂക്സ്, ഈ വരുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നവംബർ അഞ്ചിന് തൻ്റെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു.

പെൻസിൽവാനിയയിലെ ബേതൽ പാർക്കായിരുന്നു ക്രൂക്സിൻ്റെ സ്വദേശം. സർക്കാർ രേഖകൾ പ്രകാരം ക്രൂക്‌സിൻ്റെ പിതാവും റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗത്വം എടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ അമ്മ ഡെമോക്രാറ്റിക് പാർട്ടിയിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ബെതൽ പാർക്ക് ഹൈസ്‌കൂളിൽ നിന്ന് 2022 ലാണ് ഇയാൾ പഠനം പൂർത്തിയാക്കിയത്. പഠനത്തിൽ മിടുമിടുക്കനെന്നാണ് അധ്യാപകരും സഹപാഠികളും ഇയാളെ കുറിച്ച് ഓർക്കുന്നത്. എന്നാൽ സ്വതവേ അന്തർമുഖനുമായിരുന്നു. എന്നെങ്കിലും ക്രൂക്സ് രാഷ്ട്രീയത്തിൻ്റെ ഭാഗമാകുമെന്ന് അടുത്തറിയുന്നവർ പോലും വിശ്വസിച്ചിരുന്നില്ല.

സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകളുണ്ടായിരുന്നെങ്കിലും വെറുപ്പോ വിദ്വേഷമോ കലർന്ന ഒന്നും തന്നെ അയാൾ എവിടെയും പോസ്റ്റ് ചെയ്തിരുന്നില്ല. അയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നതായി ആർക്കും സംശയവും ഉണ്ടായിരുന്നില്ല. അക്രമത്തിൻ്റെ പാതയിൽ എവിടെയും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ക്രൂക്‌സിൻ്റെ പ്രവർത്തിക്ക് പിന്നിലെ ചേതോവികാരവും പൊലീസിന് ഇനിയും മനസിലാക്കാൻ സാധിച്ചിട്ടില്ല. ഹൈസ്കൂൾ പഠന കാലത്ത് ഷൂട്ടിങ് പരിശീലനത്തിന് ചേർന്നെങ്കിലും അത് തന്നെക്കൊണ്ട് സാധിക്കുന്നതല്ലെന്ന് മനസിലാക്കി പിന്മാറിയ ആളാണ് ഇയാൾ. കംപ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ക്രൂക്‌സിന് ഏറെ താത്പര്യം ഉണ്ടായിരുന്നത്. ഒരു നഴ്സിങ് ഹോമിലെ അടുക്കളയിൽ ഇയാൾ സഹായിച്ചിരുന്നതായി സ്ഥാപനം വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

പെൻസിൽവാനിയയിൽ സംഭവം നടന്ന ദിവസം ക്രൂക്സ് അസ്വാഭാവികമായ രീതിയിൽ പ്രവർത്തിക്കുന്നത് കണ്ട് പൊലീസുകാർ ഇയാളെ നിരീക്ഷിച്ചിരുന്നു. ഒരു ഏണി വഴി ഇയാൾ കെട്ടിടത്തിൻ്റെ മുകളിലേക്ക് കയറുന്നത് പ്രചാരണ പരിപാടിക്കെത്തിയ പലരും ശ്രദ്ധിച്ചിരുന്നു. തൊട്ടുപിന്നാലെ നിയമപാലകർ ക്രൂക്‌സിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിലാണ് ഇവർ ഇയാളെ കണ്ടത്. എന്നാൽ അപ്പോഴും ഉദ്യോഗസ്ഥർക്ക് ക്രൂക്സിൻ്റെ കൈവശം തോക്കുള്ളത് തിരിച്ചറിയാൻ കഴിഞ്ഞില്ല. പൊടുന്നനെയാണ് ക്രൂക്‌സ് തൻ്റെ തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്. പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന സീക്രട് സർവീസ് സ്നൈപ്പർമാർ ഉടൻ തന്നെ ക്രൂക്സിനെ വെടിവച്ച് വീഴ്ത്തി. ആഭ്യന്തര ഭീകരവാദം എന്നാണ് ക്രൂക്‌സിൻ്റെ പ്രവർത്തിയെ എഫ്.ബി.ഐ വിലയിരുത്തുന്നത്. അപ്പോഴും അതിലേക്ക് നയിച്ച കാരണം അന്യമായി തുടരുന്നു.

Story Highlights :  Who was Thomas Matthew Crooks, the man who shot at Donald Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top