ശക്തമായ മഴ; കോട്ടയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചത്. ജൂലൈ 18 വരെയാണ് നിരോധനം. ഇത് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി.
ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 18 വരെ രാത്രികാലയാത്ര നിരോധിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജൂലൈ 25 വരെയാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Read Also: അതിതീവ്രമഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
Story Highlights : Entry to tourist spots in Kottayam has been banned due to heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here