Advertisement

‘പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്’; ആസിഫ് അലി

July 17, 2024
1 minute Read

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Asif Ali React Ramesh Narayan refuses award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top