കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി; രണ്ടുജില്ലകളിൽ പ്രാദേശിക അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കോളജുകൾ ഒഴികെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം താലൂക്കിലും ചിന്നക്കനാൽ പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ( kerala rains holiday for schools in 5 districts)
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
നാളെ രാത്രി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ തീരങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights : kerala rains holiday for schools in 5 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here