ബോളിവുഡ് സിനിമകൾ നിരനിരയായി പരാജയം: പിവിആർ ഇനോക്സിന് കനത്ത തിരിച്ചടി; നഷ്ടം ഇരട്ടിച്ച് 179 കോടിയായി

രാജ്യത്തെ പ്രധാന തിയേറ്റർ ശൃംഖല കമ്പനിയായ പിവിആർ ഇനോക്സിൻ്റെ നഷ്ടം ഇരട്ടിച്ചു. ബോളിവുഡ് സിനിമകൾ ഒന്നിന് പുറകെ ഒന്നായി തിയേറ്ററുകളിൽ വൻ പരാജയമായതോടെയാണ് കനത്ത നഷ്ടം കമ്പനിയെ ബാധിച്ചത്. 2023 ൽ പിവിആറും ഇനോക്സും ലയിച്ചാണ് പിവിആർ എന്ന കമ്പനിയുണ്ടായത്. ഇവരുടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസത്തെ നഷ്ടം 179 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ കമ്പനിക്ക് 81.6 കോടി രൂപയായിരുന്നു നഷ്ടം സംഭവിച്ചത്.
സിനിമാ റിലീസുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 13 ശതമാനം കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പും ഐപിഎല്ലും മൂലം ബോളിവുഡിൽ നിന്ന് വളരെ കുറവ് സിനിമകൾ മാത്രം പുറത്തിറങ്ങിയതാണ് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ബോളിവുഡിൽ റിലീസ് ചെയ്ത ബഡേ മിയാൻ ഛോട്ടെ മിയാൻ, ചണ്ടു ചാമ്പ്യൻ, മൈദാൻ തുടങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയതും തിരിച്ചടിയായി.
കഴിഞ്ഞ വർഷം 100 കോടി നേടിയ ഏഴ് സിനിമകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്ന് സിനിമകൾക്ക് മാത്രമാണ് ആദ്യ മൂന്ന് മാസത്തിൽ 100 കോടി നേടാനായത്. ഇതോടെ രാജ്യത്തെമ്പാടും 1754 സ്ക്രീനുകളുള്ള പിവിആർ ഇനോക്സിന് വലിയ തിരിച്ചടിയുണ്ടായി. സിനിമാ ടിക്കറ്റ്, ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിവയിൽ നിന്നായി കമ്പനിക്ക് വരുമാനം കുറഞ്ഞു. ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം 14.5% കുറഞ്ഞു. ഭക്ഷണങ്ങളിൽ നിന്നും മറ്റുമുള്ള വരുമാനം 6.1% കുറഞ്ഞു. ഇതോടെ ആകെ വരുമാനത്തിൽ 119.1 കോടി രൂപയുടെ കുറവുണ്ടായി. ഹോളിവുഡിൽ സമീപകാലത്തെ സമരത്തെ തുടർന്ന് സിനിമകൾ കുറഞ്ഞതിനാൽ ഇതളിലൂടെയും പിവിആർ ഇനോക്സിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
Story Highlights : PVR Inox’s loss doubles as Bollywood movies flop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here