മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; നേട്ടത്തിന് പിന്നിൽ ഭഗവത് ഗീത നൽകിയ ഊർജമെന്ന് മനു ഭാക്കർ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ മെഡൽ സ്വന്തമാക്കി. വെങ്കല മെഡൽ നേടിയാണ് മനു ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടുന്ന വനിതയാണ് മനു ഭാക്കർ. നേരിയ വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
അവസാന ഷോട്ടുകളിൽ ഏകാഗ്രത പാലിക്കാനും ആ സമയം ശാന്തമായിരിക്കാനും ഭഗവത് ഗീത വായിക്കുന്നത് തുണച്ചുവെന്നാണ് മനു മെഡൽ നേട്ടത്തിന് ശേഷം വ്യക്തമാക്കിയത്. 243.2 എന്ന ഗെയിംസ് റെക്കോഡോടെ സ്വർണം നേടിയ കൊറിയയുടെ കിം യെജിക്കും ജിൻ യെ ഓക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഭാക്കർ ഫിനിഷ് ചെയ്തത്.
“ടോക്കിയോയിലെ പ്രകടനത്തിന് ശേഷം ഞാൻ നിരാശയിലായിരുന്നു. അതിനെ മറികടക്കാൻ ഏറെ സമയം വേണ്ടിവന്നു. ഭഗവത് ഗീത ഞാൻ ഒരുപാട് വായിക്കും, ഭഗവാൻ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നതു പോലെ കർമ്മ ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മത്തിൽ വിശ്വസിക്കാനാണ് ഗീത എന്നെ പഠിപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഇക്കാര്യങ്ങളാണ് എന്റെ മനസിൽ നിറഞ്ഞത്. വെങ്കല മെഡൽ നേടാനായതിൽ വളരെ ആശ്വാസമുണ്ട്. ഒരുപക്ഷേ അടുത്ത തവണ ഇതിലും മികച്ച പ്രകടനമുണ്ടാകും. വളരെ അഭിമാനമുണ്ട്. ഈ മെഡൽ ഇന്ത്യക്ക് ഏറെക്കാലമായി ലഭിക്കേണ്ടതായിരുന്നു’ – മനു ഭാക്കർ പറഞ്ഞു.
Story Highlights : Manu Bhaker Credits Bhagavad Gita for her Bronze Medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here