വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അൽ അഹ്സ ഒഐസിസി; ഒരു വീട് നിർമിച്ച് കൊടുക്കാനും തീരുമാനം

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ അതിദാരുണമായ പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. പുനരധിവാസ പാക്കേജുകൾക്ക് ഉടനടി പദ്ധതികൾ ആവിഷ്കരിച്ച് അവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേന്ദ്ര സംസ്ഥാന സർക്കാറുകളോടാവശ്യപ്പെട്ടു.
പതിനായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും, പിഞ്ചു കുട്ടികളും സ്ത്രീകളുമടക്കം ഇത് വരെ മുന്നോറോളം പേരുടെ ജീവഹാനി സ്ഥിരീകരിച്ചതും, ഇനിയും ഒരുപാട് പേരെ കണ്ടെത്താനുള്ളതും ഹൃദയം നുറുങ്ങുന്ന വേദന തന്നെയാണ്. ലോക മന:സാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ നടുക്കവും, അഗാധമായ ദു:ഖവും രേഖപ്പെടുത്തുകയും, ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ അൽ അഹ്സ ഒ ഐ സി സി വൈസ് പ്രസിഡൻ്റും മുണ്ടക്കൈയുടെ തൊട്ടടുത്ത പ്രദേശത്തുകാരനുമായ റഫീഖ് വയനാടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അൽ അഹ്സ ഒഐസിസി വെൽഫയർ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
അൽ അഹ്സ ഒ ഐ സി സി യുടെ ഒന്നാം ഘട്ട സഹായമായി ഒരു കുടുംബത്തിന് വീട് നിർമിച്ചു നല്കാൻ യോഗം തീരുമാനിച്ചു.
ശാഫി കൂദിർ, റഷീദ് വരവൂർ ,ഷമീർ പനങ്ങാടൻ, ഷിബു സുകുമാരൻ, ലിജു വർഗ്ഗീസ്, അഷ്റഫ് കരുവാത്ത്,നൗഷാദ് താനൂർ, സിജൊ രാമപുരം, അക്ബർ ഖാൻ ,റിജോ ഉലഹന്നാൻ, ഷാജി മാവേലിക്കര എന്നിവർ പ്രസംഗിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും, നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.
Story Highlights : Al Ahsa OICC Demand Wayanad landslide should be declared a national disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here