ദുരന്തഭൂമിയിൽ മോഷ്ടാക്കൾ വിലസുന്നു: രക്ഷാപ്രവർത്തകരെന്ന വ്യാജേനെ എത്തി കവർച്ച; മുന്നറിയിപ്പ് നൽകി പൊലീസ്
വയനാട് ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവൻ മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ ഇത് മുതലെടുത്ത് ചിലർ കവർച്ചക്കായി എത്തുന്നുവെന്ന് പൊലീസ്. ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് മേപ്പാടി പൊലീസ് മുന്നറിയിപ്പ് നൽകി. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ അവശേഷിപ്പുകൾ കവർച്ച ചെയ്യാനായാണ് ഇവരെത്തുന്നത്.
രക്ഷാപ്രവർത്തകരെന്ന വ്യാജേനെയാണ് മോഷ്ടാക്കൾ ദുരന്തഭൂമിയിലേക്ക് കടന്നുകൂടുന്നത്. മനുഷ്യശരീരങ്ങൾക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വർണവും പണവും ലക്ഷ്യമിട്ടാണ് ഇവർ എത്തുന്നത്. ഇതരസംസ്ഥാനക്കാരാണ് ഇതിന് പിന്നിൽ. സംശയാസ്പദമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾക്ക് സമീപവും മറ്റും കാണുന്നവരെ നിരീക്ഷിക്കാൻ മേപ്പാടി പൊലീസ് മുന്നറിയിപ്പ് ഇതിനോടകം നൽകി കഴിഞ്ഞു.
Read Also: മഹാദുരന്തത്തിനിടയിലെ മനസാക്ഷി ഇല്ലായ്മ; ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്ന് പണം മോഷ്ടിച്ചു
മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കർശന നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്. ചൂരൽമലയിലെ പല വീടുകളിലും ഇത്തരം മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് പറയുന്നു. മൊഴി കൊടുക്കാൻ ആരുമില്ലാത്തതിനാൽ പല കേസുകളിലും എഫ്‌ഐആറിടാൻ സാധിച്ചിരുന്നില്ല. പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടന്നു. പട്ടാളവും പോലീസും ഉൾപ്പടെ മുഴുവൻ സമയവും ഉള്ളയിടത്താണ് മോഷണം നടന്നിരിക്കുന്നത്.
ചൂരൽമല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് മഹാദുരന്തത്തിനിടെ മോഷണം നടന്നിരിക്കുന്നത്. വീടിന്റെ മുൻവശത്തെ വാതിലും മുറികളുടെ വാതിലും കുത്തിത്തുറന്നായിരുന്നു മോഷണം. ഇബ്രാഹിമിന്റെ വീട്ടിൽ നിന്നും തുച്ഛമായ തുകയാണ് മോഷണം പോയതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Meppadi Police alert in presence of thieves in the disaster area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here