വയനാടിനായി ഒറ്റക്കെട്ടായി…; ഇന്നും ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തിച്ച് പ്രമുഖര്‍; അഞ്ച് ലക്ഷം രൂപ വീതം നല്‍കി ജോജുവും റിമി ടോമിയും ടി പദ്മനാഭനും

നാടിന്റെയാകെ നോവായി മാറിയ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയൊഴുകുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഒത്തൊരുമയോടെ നില്‍ക്കുന്ന മലയാളി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും മനുഷ്യത്വം കൊണ്ട് ദുരന്തബാധിതര്‍ക്കായി കനിവേകുകയാണ്. സിനിമാ, വ്യവസായ, സാഹിത്യ, സാംസ്‌കാരിക രംഗത്തുനിന്നുള്ള നിരവധി പ്രമുഖര്‍ വയനാടിനായി പണമെത്തിക്കുകയാണ്. സിനിമാതാരമായ ജോജു ജോര്‍ജും ഗായിക റിമി ടോമിയും സാഹിത്യകാരന്‍ ടി പത്മനാഭനും അഞ്ച് ലക്ഷം രൂപ നീതം ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ( wayanad disaster celebrities donation to CMDRF)
ദേശാഭിമാനി ജീവനക്കാരുടെ വിഹിതമായ 50 ലക്ഷം രൂപയും മുഹമ്മദ് അലി സീഷോര്‍ ഗ്രൂപ്പ് 50 ലക്ഷം രൂപയും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടി സി സി) 20 ലക്ഷം രൂപയും ഇന്ന് ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറി. അല്‍ മുക്താദിര്‍ ഗ്രൂപ്പ് 10 ലക്ഷം രൂപയും തൃക്കാക്കര സഹകരണ ആശുപത്രി 10 ലക്ഷം രൂപയും പള്ളുരുത്തി സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 10 ലക്ഷം രൂപയും കൈമാറി. സിപിഐഎം എംഎല്‍എമാര്‍ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതവും സിപിഐഎം എംപിമാര്‍ ഒരുമാസത്തെ ശമ്പളം ഒരു ലക്ഷം രൂപ വീതവും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപയും വയനാടിനായി നല്‍കിയിട്ടുണ്ട്. യൂട്യൂബര്‍മാരായ ജിസ്മയും വിമലും രണ്ട് ലക്ഷം രൂപയും കോട്ടയം ജോസ് ഗോള്‍ഡ് രണ്ട് ലക്ഷം രൂപയും നല്‍കി.
സിനിമാ, സ്‌പോര്‍ട്ട്‌സ്, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. നിരവധി സാധാരണക്കാരും ദുരിതാശ്വാസനിധിയിലേക്ക് പണമയയ്ക്കുന്നുണ്ട്.
Story Highlights : wayanad disaster celebrities donation to CMDRF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here