ബംഗ്ലാദേശിൽ അധികാരമേറ്റെടുത്ത് സൈന്യം; ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശില്‍ ഭരണം ഏറ്റെടുത്ത് സൈന്യം. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണെന്നും സൈനിക മേധാവി പറഞ്ഞു.
വിദ്യാര്‍ഥികള്‍ ശാന്തരാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണം. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു
ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ അറിയിച്ചു. എന്നാല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗുമായി സംസാരിച്ചിട്ടില്ല.
അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യംവിട്ടത്.
Story Highlights : Army announces interim government after Bangladesh PM Sheikh Hasina flees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here