വയനാട് ഉരുൾപൊട്ടൽ: ‘സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും’; L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കും. പൊളിഞ്ഞ് വീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും യോഗത്തിൽ തീരുമാനിച്ചു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എൽ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക. ഏറ്റവും തീവ്രത ഏറിയ ദുരന്തം എന്ന നിലയ്ക്ക് പരിഗണന വേണമെന്നും ആവശ്യം ഉന്നയിക്കും. അങ്ങിനെ എങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നു ആകെ വേണ്ട തുകയുടെ 75% ലഭിക്കുമെന്നും യോഗത്തിൽ വിലയിരുത്തി.
ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനിച്ചു. ഒന്നുകിൽ താൽക്കാലിക പഠന കേന്ദ്രം അല്ലെങ്കിൽ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റാനാണ് നിലവിലത്തെ തീരുമാനം. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. ഏഴാം ദിനവും തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
Story Highlights : cabinet sub-committee meeting decided that the search will continue until the army says at Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here