അവസാന മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി; പരമ്പര ശ്രീലങ്ക കൊണ്ടുപോയി

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്.
അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു.
249 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ വെറും നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പതിവ് പോലെ മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയത്. 20 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സ് നേടി രോഹിത് ആണ് ടോപ് സ്‌കോറര്‍. വിരാട് കൊഹ്ലി 20(18) പരമ്പരയില്‍ മൂന്നാം തവണയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഏഴാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗ് 15(13), ഒമ്പതാമന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 30(25) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.
ശുഭ്മാന്‍ ഗില്‍ 6(14), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് 6(9), ശ്രേയസ് അയ്യര്‍ 8(7), അക്‌സര്‍ പട്ടേല്‍ 2(7), ശിവം ദൂബെ 9(14) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. 5.1 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് കൊയ്തത്. മഹേഷ് തീക്ഷണ, ജെഫ്രെ വാണ്ടര്‍സെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പേസര്‍ അസിത ഫെര്‍ണാന്‍ഡോ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ അവിഷ്‌ക ഫെര്‍ണാന്‍ഡോ 96(102), കുസാല്‍ മെന്‍ഡിസ് 59(82) എന്നിവരുടേയും പാത്തും നിസങ്ക 45(65) എന്നിവരുടേയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.അരങ്ങേറ്റ മത്സരം കളിച്ച റിയാന്‍ പരാഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights : IND vs SL 3rd ODI: Sri Lanka thrash India by 110 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here