റഷ്യയിൽ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു.
ഇന്ന് വൈകുന്നേരത്തോടു കൂടിയാണ് ബന്ധുക്കൾക്ക് സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിക്കുന്നത്. ആദ്യം പരുക്കേറ്റിരുന്നു എന്ന് മാത്രമായിരുന്നു വിവരം ലഭിച്ചത്. അതിന് ശേഷമാണ് മലയാളി അസോസിയേഷൻ മരണം സ്ഥിരീകരിച്ചതായി അറിയിച്ചിരിക്കുന്നത്. ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിലിലാണ് സന്ദീപും മലയാളികളാ ഏഴു പേരും റഷ്യയിലേക്ക് പോയത്.
മോസ്‌കോയിലെ റസ്‌റ്റോറന്റിലെ ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് വീട്ടുകാരോട് സന്ദീപ് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും താൻ സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.
Story Highlights : Thrissur Native was killed in Russia by Ukraine shelling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here