Advertisement

‘സിനിമയ്ക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥകൾ വേണ്ട; ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല; പരാതി ഉന്നയിച്ചാൽ നടപടി’; മുഖ്യമന്ത്രി

August 20, 2024
Google News 2 minutes Read

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങളി‍ൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമുള്ള പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോഴായിരുന്നു കമ്മിറ്റിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായിരുന്നു ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഐസിസി രൂപീകരിക്കുക എന്നത് അടിയന്തര സ്വഭാവത്തിൽ നടപ്പിലാക്കുന്നു എന്നു ഉറപ്പാക്കി, ക്രിയാത്മക ഇടപെടൽ സർക്കാർ നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ സിനിമകൾക്ക് പ്രോത്സാഹനം നൽകി. വനിതകൾക്ക് സാമ്പത്തിക സഹായം നൽകി സിനിമ സംവിധാനം ചെയ്യിപ്പിച്ചത് എടുത്തു പറയേണ്ട നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകളിലൊന്നു ട്രിബ്യൂണൽ രൂപീകരിക്കണം എന്നായിരുന്നു. ഇത് സർക്കാർ പരിശോധിച്ചു. എന്നാൽ ഇത് വലിയ ചിലവുണ്ടാക്കുന്ന കാര്യമാണ്. ട്രിബ്യുണൽ ഉണ്ടാക്കുന്നത് സംബന്ധിച്ച് ഗൗർവമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമനിർമ്മാണം നടത്തണമെന്നുള്ളതും ഗൗർവമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരട് തയ്യാറാക്കാൻ ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. കരട് ചർച്ച ചെയ്യാൻ കോൺക്ലെവ് സംഘടിപ്പിക്കും. സിനിമയിൽ ഭാഗമാകുന്ന എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടാകും നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ മാർഗ്ഗരേഖ കൊണ്ടു വരുന്നത് സിനിമയിൽ ഹിതകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ താരത്തിന്റെയും പുതുമുഖ താരത്തിന്റെയും ശമ്പളം ഒന്നമാകാമെന്ന ആഗ്രഹിക്കാമെങ്കിലും അത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: വയനാട് ദുരന്തം: ’17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല; സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കി’; മുഖ്യമന്ത്രി

സിനിമയിലെ ലഹരി ഉപയോഗം ലൈംഗികാതിക്രമങ്ങൾ തടയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ ഇടപെടലുകൾ ഇപ്പോൾ തന്നെ നടത്തുന്നുണ്ട്. എല്ലാവരും അസാന്മാർഗിക പാത പിന്തുടരുന്നവരാണോ എന്നു സർക്കാരിന് അഭിപ്രായമില്ലെന്നും സിനിമ മേഖല കുത്തഴിഞ്ഞതാണെന്ന് സർക്കാരിന് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലരുടെ തിക്താനുഭവങ്ങൾ കൊണ്ട് 94 വർഷത്തെ പാരമ്പര്യമുള്ള സിനിമ മേഖലയെ വിലയിരുത്തരുത്. റിപ്പോർട്ടിലെ പരാമർശങ്ങൾ ചിലർക്കുണ്ടായ തിക്താനുഭവങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിനിമാ വ്യവസായത്തിൽ വില്ലന്മാരുടെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല. സിനിമയ്ക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥകൾ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്രഖ്യാപിതമായ വിലക്ക് കൊണ്ടു ആരെയും മാറ്റി നിർത്താൻ കഴിയില്ലെന്ന് ഇന്നത്തേ തലമുറ തെളിയിച്ചു. തെറ്റുകൾ സ്വാഭാവികമാണെന്നും അത് തിരുത്തി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഗ്രൂപ്പുകളോ കോകസുകളോ ഭരിക്കുന്നതാവരുത് സിനിമ മേഖല. സിനിമ മേഖലയിലെ ചൂഷകർക്കൊപ്പമല്ല സർക്കാർ ചൂഷണം ചെയ്യപ്പെടുന്നവർക്കൊപ്പമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യത ബാധിക്കുന്ന കാര്യങ്ങളുണ്ടിട്ടായിട്ടുണ്ടെന്നും പുറത്തു വിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്ത് നൽകിയെന്നും മുഖ്യമന്ത്രി വിശദമാക്കി. രഹസ്യമാത്മകമായ വെളിപ്പെടുത്തലാണെന്നും റിപ്പോർട്ട് പുറത്തു വിടരുതെന്നും ജസ്റ്റിസ് ഹേമ ആവർത്തിച്ചു ആവശ്യപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് പുറത്തു വരുന്നത് സർക്കാരിന് എതിർപ്പുള്ള കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകും; സർക്കാരുമായി സഹകരിക്കും’; സുരേഷ് ഗോപി

വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞ കാര്യങ്ങൾ ചോർന്നു വിവാദം ആകുന്ന സാഹചര്യം ഒഴിവാക്കിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ തന്നെ പറയുന്നു. പരിപൂർണ രഹസ്യതത്മകത സൂക്ഷിച്ചുവെന്നു റിപ്പോർട്ടിൽ തന്നെ പറയുന്നു. സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ കൃത്യമായി നേരിടും. അതിനുള്ള നിശ്ചയദാർഢ്യം സർക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ പരാതി ലഭിച്ച എല്ലാ കേസുകളിലും മുഖം നോക്കാതെ നടപടി എടുത്തിട്ടുണ്ട്. റിപ്പോർട്ടിൽ മൊഴി നൽകിയ വനിത പരാതി നൽകാൻ തയ്യാറായാൽ നടപടി സ്വീകരിക്കും. എത്ര ഉന്നതനായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : CM Pinarayi Vijayan on Hema committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here