പ്രധാനമന്ത്രി ദുരന്ത മേഖല സന്ദർശിച്ചിട്ട് 15 ദിവസം; കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല
പ്രധാനമന്ത്രി വയനാട്ടിലെ ദുരന്ത മേഖല സന്ദർശിച്ച് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല. കേരളം മെമ്മോറാണ്ടം സമർപ്പിച്ചു കഴിഞ്ഞാൽ വൈകാതെ സഹായം ലഭ്യമാകും എന്നായിരുന്നു പ്രതീക്ഷ. 900 കോടിയുടെ ആദ്യഘട്ട സഹായം ആവശ്യപ്പെട്ടുള്ള നിവേദനം ഈ മാസം 18ന് നൽകിയിരുന്നു.
വയനാട്ടിലെ രണ്ട് ഗ്രാമങ്ങളെ തൂത്തെറിഞ്ഞ ഉരുൾപൊട്ടൽ ഉണ്ടാക്കിയ ആഘാതം നേരിട്ട് മനസ്സിലാക്കാൻ ദുരന്തം നടന്ന് പന്ത്രണ്ടാമത്തെ ദിവസം രാജ്യത്തിൻറെ പ്രധാനമന്ത്രി നേരിട്ട് എത്തി. അന്ന് തന്നെ അടിയന്തര സഹായം കേരളത്തിന് പ്രഖ്യാപിക്കും എന്നായിരുന്നു കേരളത്തിൻറെ പ്രതീക്ഷ. കാരണം വിദഗ്ധസംഘം വയനാട്ടിൽ എത്തി ദുരന്തത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കേരളം വിശദമായ മെമ്മോറാണ്ഡം സമർപ്പിക്കണം എന്നായിരുന്നു കേന്ദ്ര നിലപാട്.
പിന്നീട് ഈ കാര്യത്തിൽ വ്യക്തമായ യാതൊരു വിശദീകരണവും കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല. രണ്ടു ഭാഗങ്ങളിലായി മെമ്മോറാണ്ടം സമർപ്പിക്കാനാണ് കേരളം തീരുമാനിച്ചത്. നാശനഷ്ടം ഉണ്ടായതിന്റെ കണക്കുകൾ വെച്ച് 1800 കോടിയുടെ നഷ്ടമുണ്ടായെന്നും 900 കോടി ആദ്യഘട്ടത്തിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 18ന് മെമ്മോറാണ്ടം സമർപ്പിച്ചു. ഇതു മാധ്യമങ്ങളോട് പറഞ്ഞത് ഓഗസ്റ്റ് 24നാണ് .
നാശനഷ്ടങ്ങളുടെ സമഗ്രമായ കണക്കും പുനരധിവാസം ഉൾപ്പെടെയുള്ളവയ്ക്ക് ആവശ്യമായ തുകയും ചേർത്ത് കേരളത്തിന് ഒറ്റ മെമ്മോറാണ്ടം സമർപ്പിച്ചാൽ പോരെ എന്ന ചോദ്യം ബാക്കിയാണ്. പരാതികൾ ഉയർന്നെങ്കിലും താൽക്കാലിക പുനരധിവാസം പൂർത്തിയായി. ഇനി എത്രയും വേഗം ടൗൺഷിപ്പ്, തകർന്ന പ്രദേശങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയ വലിയ പദ്ധതികൾ നടപ്പിലാക്കണം.
Story Highlights : No Union Aid For Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here