വയനാട് ഉരുൾപ്പൊട്ടലിൽ ജീപ്പ് നഷ്ടമായ നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

വയനാട് ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് താക്കോല്‍ കൈമാറി. നിയാസിന് ജീപ്പ് വാങ്ങി നല്‍കുമെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
വാഹനത്തിന് വേണ്ടി സമൂഹമാധ്യമമായ ഫേസ്ബുക്കിലടക്കം യൂത്ത് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നു. ഇടുക്കിയില്‍ നിന്നാണ് നിയാസ് ഉപയോഗിച്ച ഥാറിന് സമാനമായ സെക്കന്റ് ഹാന്‍ഡ് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ന് നിയാസിന് കൈമാറിയത്.
പുതിയ വാഹനം വാങ്ങി നല്‍കാനായിരുന്നു സംഘടനയുടെ തീരുമാനമെന്നും എന്നാല്‍, പഴയ വാഹനം മതിയെന്ന നിയാസിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് അത്തരമൊരു വാഹനം തേടുന്നതെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയത്.
‘പരിചയത്തിലുള്ള സെക്കന്റ് ഹാന്‍ഡ് വാഹന വ്യാപാരികളുമായി ബന്ധപ്പെട്ടു. കുറേ വണ്ടികളുടെ ഡീറ്റെയില്‍സ് ഒക്കെ കിട്ടിയെങ്കിലും നിയാസിനു കൊടുക്കാന്‍ പറ്റിയത് എന്ന് തോന്നിയ ഒരു വണ്ടി കിട്ടിയിട്ടില്ല.നിയാസിനു എത്രയും പെട്ടെന്ന് വണ്ടി വാങ്ങി നല്കണം. അതിനു നിങ്ങളുടെ സഹായം അനിവാര്യമാണ്. നിങ്ങളുടെ പരിചയത്തില്‍ അത്തരത്തിലൊരു വാഹനം പരിചയമുണ്ടെങ്കില്‍ പറയുമല്ലോ?,’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.
Story Highlights : Youth Congress Jeep for Niyas Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here