‘സിനിമയിൽ ഒരു ശക്തി കേന്ദ്രവും ഇല്ല; പരാതികളിൽ പോലീസ് അന്വേഷിക്കട്ടെ; റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണം’; മമ്മൂട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിൽ ഉയർന്ന ആരോപണങ്ങളിലും പരാതികളും പ്രതികരണവുമായി നടൻ മമ്മൂട്ടി. വിവാദങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും നേതൃത്വവുമാണ് അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് മമ്മൂട്ട് പറഞ്ഞു. അമ്മ അഡ്ഹോക് കമ്മിറ്റി അധ്യക്ഷൻ മോഹൻലാലിനെ പ്രതികരണത്തിന് പിന്നാലെയാണ് മമ്മൂട്ടിയും പ്രതികരണവുമായി എത്തിയത്.
സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് മമ്മൂട്ടി പറഞ്ഞു. സമൂഹത്തിലെ എല്ലാ നന്മയും തിന്മയും സിനിമയിലുണ്ട്. സിനിമ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അവിടെ സംഭവിക്കുന്ന ചെറുതും വലുതും എല്ലാ കാര്യങ്ങളും വലിയ ചർച്ചയാവും. ഈ രംഗത്ത് അനഭലഷണീയമായത് ഒന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതാണെന്ന് മമ്മൂട്ടി പറഞ്ഞു.
സിനിമ പ്രവർത്തകർ ജാഗരൂകരാകേണ്ടതാണെന്ന് മമ്മൂട്ടി പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിനെയും നിർദ്ദേശങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുന്നവെന്നും പിന്തുണക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകൾ ഇല്ലാതെ കൈകോർത്തു നിൽക്കേണ്ട സമയമാണ്. ഉയർന്നുവന്ന പരാതികളിൽ പോലീസ് അന്വേഷണം ശക്തമായയി മുന്നോട്ടുപോകുന്നുവെന്ന് താരം പറയുന്നു.
സിനിമയിൽ ഒരു ശക്തി കേന്ദ്രവും ഇല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ശക്തി കേന്ദ്രങ്ങൾക്ക് നിലനിൽപ്പുള്ള ഇടമല്ല സിനിമ. പോലീസ് അന്വേഷിക്കട്ടെ, കോടതി ശിക്ഷ വിധിക്കട്ടെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ നിയമതടസങ്ങളുണ്ടെങ്കിൽ നിയമനിർമ്മാണം നടത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. ആത്യന്തികമായി സിനിമ നിലനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights : Actor Mammootty responds on Hema committee report and controversy’s in Malayalam film industry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here