29 റേഡിയേഷൻ കഴിഞ്ഞെങ്കിലും വേണു മാധവന്‍ ക്ഷീണിതനല്ല, അടുത്ത മത്സരത്തിനായി കർണാടകയിലേക്ക്

വേണു മാധവൻ ഒരു പവർ ലിഫ്റ്ററാണ്. സീനിയർ കാറ്റഗറിയിലാണ് മത്സരിക്കുന്നത്. 54 വയസ്സായി,സംസ്ഥാനതലത്തിൽ സ്വർണമെഡൽ ജേതാവും. ദേശീയ ക്ലാസിക്ക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ വ്യക്തി.
മെയ് മാസം മഹാരാഷ്ട്ര ഖേൽ അസോസിയേഷന്റെ ചാമ്പ്യൻഷിപ്പിൽ ഈ കൊല്ലം മരത്തടി സ്വദേശി നേടിയത് രണ്ട് സ്വർണ്ണം. പക്ഷെ വേണു ഒരു സാധാരണ പവർ ലിഫ്റ്ററല്ല. ഒൻപത് കീമോയും 29 റേഡിയേഷനും കഴിഞ്ഞ് ആർസിസിയ്ക്കും ജിമ്മിനുമിടയിൽ തളർന്ന് പോകാതെ സധൈര്യം മുന്നോട്ട് പോകുന്ന ഒരു അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ്.
Read Also: ഈ അതി സമ്പന്ന രാജ്യത്ത് എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
അനേകം പുരസ്കാരങ്ങൾ തിളക്കം ചാർത്തിയ ആ ജീവിതത്തിലേക്ക് ക്ഷണിക്കപെടാത്ത ഒരതിഥിയായി പത്ത് വർഷം മുമ്പ് എത്തുകയായിരുന്നു ബ്ലഡ് കാൻസർ. പിന്നീടങ്ങോട്ട് അർബുദത്തെ ആത്മവിശ്വാസം കൊണ്ട് വേണു നേരിടുന്നതാണ് കണ്ടത്. പവർ ലിഫ്റ്റിങ്ങിൽ ദേശീയ റെക്കോഡുകൾ വാരിക്കൂട്ടുന്ന വേണു മാധവൻ ജീവിതം തിരിച്ചുപിടിച്ച വഴികൾ പ്രതിസന്ധിയിൽ തളർന്നുപോകുന്ന എല്ലാവർക്കും ഒരു പ്രചോദനം ആണ്.
എനിക്ക് ചലഞ്ച് ചെയ്ത് വന്നേ പറ്റൂ
ചെറുപ്പം തൊട്ടേ പവർ ലിഫ്റ്റിങ്ങിൽ താൽപ്പര്യമുണ്ടായിരുന്നു. പ്രീഡിഗ്രി പഠനം മുതലേ ഇതുമായി തന്നെ മുന്നോട്ട് പോയിരുന്നു. ചെറിയ കോംപെറ്റേഷനുകളിലായിരുന്നു തുടക്കം. കുടുംബത്തിലുള്ള ചിലർക്കൊക്കെ ഇതുമായി ബന്ധമുണ്ടായിരുന്നു. ചെറുപ്പത്തിൽ ശാരീരിക ക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവർലിഫ്റ്റിംഗ് പരീശീലനം തുടങ്ങിയത്. ജീവിക്കാനുള്ള ഓട്ടപാച്ചിൽ മത്സരവേദിയിലേക്ക് എത്താൻ വൈകി.
രോഗം കണ്ടെത്തുന്നത്
2014 ഒക്ടോബറിൽ തിരുവന്തപുരത്തെ ഒരു ജിമ്മിൽ പരിശീലനത്തിനിടെ മസിൽ ഇഞ്ച്വറി ഉണ്ടായി. ഡോക്ടറെ കണ്ടപ്പോൾ ഒരു സംശയം പറഞ്ഞു. അങ്ങനെ ടെസ്റ്റുകൾക്ക് ശേഷം രക്താർബുദം മൂന്നാംഘട്ടത്തിൽ നിന്ന് നാലാം ഫേസിലേക്ക് കടന്നതായി കണ്ടെത്തിയത്. നവംബറിൽ ആർസിസിയിലേക്ക് കയറിയ വേണുവിന് ഡിസംബറിൽ ആദ്യ കീമോ ആരംഭിച്ചു, ആ സമയത് തന്നെ ഒൻപത് കീമോ കഴിഞ്ഞു 29 തവണ റേഡിയേഷനും കഴിഞ്ഞു.
അർബുദത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും നേരിട്ട വേണു ചെന്നൈയിലെ ഒരു മത്സരത്തിൽ വെള്ളിമെഡൽ നേടിയാണ് തിരിച്ചുവരവ് അറിയിച്ചത്. അപ്പോഴേക്കും മനസിന് ധൈര്യമായി. പലപ്പോഴും മെഡലുമായി നേരേ പോയിരുന്നത് ആർ സി സിയിലെ കീമോ ചികിത്സയ്ക്കായിരുന്നു.
മുബൈയിൽ നിന്ന് ടൂറിസം മാനേജ്‌മന്റ് കഴിഞ്ഞ വേണു 2000ത്തിലാണ് സ്വന്തമായി ട്രാവൽ ഏജൻസി തുടങ്ങുന്നത്. പാർട്ടണർഷിപ്പിൽ തുടങ്ങിയ ബിസിനസ് വളർന്നെങ്കിലും കുടുംബപ്രശ്നങ്ങൾ കാരണം തുടരാനായില്ല എന്ന് വേണു പറയുന്നു.
കെ എം മാണിയുടെ കാരുണ്യാ പദ്ധതി
പല നേതാക്കന്മാരെയും ചികിത്സയുടെ ആവശ്യത്തിനായി പോയി കണ്ടിരുന്നെങ്കിലും കെ എം മാണി മന്ത്രിയായിരുന്ന സമയത്തെ കാരുണ്യാ പദ്ധതിയിലൂടെ രണ്ടര ലക്ഷം രൂപ ലഭിച്ചത്. ഈ സഹായം ഇല്ലായിരുന്നുവെങ്കിൽ എന്റെ ചികിത്സ പോലും ചെയ്യാൻ കഴിയിലായിരുന്നു എന്നു പറഞ്ഞ വേണു ആ സഹായത്തിന്റെ ഓർമ്മയിൽ കാരുണ്യ ലോട്ടറി സ്ഥിരമായി എടുക്കാൻ ആരംഭിച്ചു.
രോഗം തളർത്തിയോ
90 വയസുവരെ സജീവമായി എല്ലാം ചെയ്യാൻ സാധിക്കണം എന്ന ആത്മവിശ്വാസത്തോടെ പറയുന്ന വേണു ചെന്നൈ വിശ്വ ഹിന്ദു വിദ്യാ കേന്ദ്രത്തിലെ വേദ പഠന വിഭാഗത്തിന്റെ ചുമതലക്കാരൻ കൂടിയാണ്. ഒക്ടോബറിൽ കർണാടകയിൽ ആണ് അടുത്ത മത്സരം.
Story Highlights : Venu Madhavan story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here