Advertisement

വിധിയെ മുട്ടുകുത്തിച്ച സൂപ്പർമാൻ താരത്തിന്റെ കഥ‌

September 17, 2024
Google News 3 minutes Read

ഇന്ന് ലോകത്തേറ്റവും പണം കൊയ്യുന്ന ഫിലിം ഫ്രാഞ്ചൈസുകള്‍ സൂപ്പർഹീറോ ഫ്രാഞ്ചൈസുകള്‍ ആണ്. മാർവെലും ഡിസിയും ഇന്ന് നാം കാണുന്നതുപോലെ വമ്പൻ കോർപറേറ്റുകളായി വളരാൻ കാരണം അവർ സൃഷ്ട്ടിച്ച സൂപ്പർഹീറോ കഥാപാത്രങ്ങളാണ്. ലോകത്തെ ഏറ്റവും പ്രശസ്തനും ജനപ്രിയനായ സൂപ്പർഹീറോ കഥാപാത്രം തീർച്ചയായും ഡിസി കോമിക്സിന്റെ സൂപ്പർമാൻ ആവും. സൂപ്പർമാന് നാമിന്നു കാണുന്നത്ര ജനപ്രീതി ഉണ്ടാകാൻ കാരണം 1951 മുതൽ ഹോളിവുഡിൽ നിർമ്മിച്ച് പോരുന്ന സൂപ്പർമാൻ സിനിമകൾ ആണ്. അവയിലേറ്റവും ഐതിഹാസികമെന്നു വിശേഷിക്കപ്പെടുന്നത് ക്രിസ്റ്റഫർ റീവ്സ് സൂപ്പർമാനായി വേഷമിട്ട ചിത്രങ്ങൾ ആണ്.

ലോകമെങ്ങും സൂപ്പർമാൻ എന്ന ഒരു സാങ്കൽപ്പിക കഥാപാത്രം പോപ്പ് കൾച്ചറിന്റെ പ്രതീകവും ധാർമ്മിക ബോധത്തിന്റെ അടയാളമായും സാംസ്കാരിക ബിംബമായും മാറാൻ ക്രിസ്റ്റഫർ റീവ്സ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന് 20 വർഷത്തിന് ശേഷം ആ ജീവിതത്തെ ഒരു ഡോക്യൂമെന്ററി രൂപത്തിൽ തിയേറ്ററുകളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് വാർണർ ബ്രദേഴ്‌സ് പിക്ചേഴ്സ്. “സൂപ്പർമാൻ: ദി ക്രിസ്റ്റഫർ റീവ് സ്റ്റോറി” എന്നാണ് ചിത്രത്തിന്റെ പേര്.

ഒരു കാലത്ത് സൂപ്പർമാനോളം തന്നെ പ്രശസ്തനായ, ഏതൊരു മനുഷ്യന്റെയും ജീവിതാന്ത്യമായേക്കാവുന്ന ഒരു പ്രതിസന്ധിയെ പൊരുതി തോൽപ്പിച്ച റീവിനെ പാശ്ചാത്യ ലോകത്തിനു പുറത്തുള്ളവർക്ക് എത്രത്തോളം പരിചയം ഉണ്ട് എന്നത് സംശയമാണ്. സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഒരു നാൾ തന്റെ ഇഷ്ട വിനോദമായ കുതിരയോട്ട മത്സരത്തിൽ ആദ്യ രണ്ട് റൗണ്ടുകളിലും വിജയിച്ച് മൂന്നാം റൗണ്ടിലേക്ക് കുതിക്കുമ്പോൾ റീവ് പെട്ടെന്ന് കുതിരപ്പുറത്തുനിന്നൊന്ന് വീഴുന്നു. കാഴ്ചയിൽ വളരെ നിസ്സാരമായൊരു വീഴ്ച. തലയിടിച്ചുള്ള വീഴ്ചയിൽ കഴുത്തൊടിഞ്ഞു. ശരീരമൊട്ടാകെ തളർന്നു. ശസ്ത്രക്രിയയിലൂടെ മരണമൊഴിവാക്കിയെങ്കിലും കഴുത്തിന് താഴേക്ക് ഒരു അവയവവും ചലിപ്പിക്കാൻ പറ്റില്ല, ബ്രെയിനും അവയവങ്ങളും ആയുള്ള കമ്മ്യൂണിക്കേഷനും നിലച്ചു.

അഭിനയ മോഹവുമായി ഹോളിവുഡിൽ എത്തിയ ക്രിസ്റ്റഫർ റീവിന് തുടക്കത്തിൽ തന്നെ സൂപ്പർമാൻ പോലെ ഏതൊരു നടന്റെയും സ്വപ്ന വേഷം ചെയ്യാൻ അവസരം കിട്ടി. ആരും നോക്കി നിന്ന് പോകുന്ന ആകാരവും സുന്ദരമായ മുഖവും അതിനൊരു കാരണമായിരുന്നു. 1978 ന് ക്രിസ്മസ് ദിനത്തിൽ റീലീസ് ചെയ്ത സൂപ്പർമാൻ ലോകമാകമാനം ആവേശം സൃഷ്ടിച്ചുകൊണ്ട് ഒരു മെഗാ ഹിറ്റായി മാറി. പിന്നീട് മൂന്നു ചിത്രങ്ങൾ കൂടി ഇതിന്റെ തുടർച്ചയായി പുറത്തിറങ്ങി. ആരാധകർ സിനിമയ്ക്കു പുറത്തും റീവിനെ സൂപ്പർമാൻ ആയി കണ്ടു. ചെല്ലുന്നിടമെല്ലാം ജനക്കൂട്ടം അയാൾക്ക് ചുറ്റും വന്നു കൂടി. അങ്ങനെ ഇരിക്കുമ്പോൾ ആണ് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് നിസ്സഹായതയുട കിടങ്ങിലേക്ക് ക്രിസ്റ്റഫർ റീവ് വീണു പോകുന്നത്.

തിരശീലയിൽ ഹെലികോപ്റ്ററിനെയും വിമാനത്തെയും അംബരചുംബികളെയും താങ്ങി ഉയർത്തിയ നായകന് ജീവിതത്തിൽ തന്റെ മൂക്കിന്റെ തുമ്പത്ത് വന്നിരിക്കുന്ന ഒരു ഈച്ചയെ പോലും കൈ കൊണ്ട് തട്ടി കളയാൻ സാധിക്കാത്ത അവസ്ഥ. തുടർന്ന് റീവ്സ് മാനസികമായി തകർന്ന് കടുത്ത ഡിപ്രഷനിലേക്ക് പോകുകയും ചെയ്തു. എന്നാൽ ആ പ്രതിസന്ധിയുടെ സമയത്തും അയാളുടെ ഭാര്യയും മക്കളും പൂർണ്ണ പിന്തുണയേകി ഒപ്പം നിന്നു. പിന്നീട് തന്റെ മാനസികാരോഗ്യം വീണ്ടെടുത്ത റീവ്സ് ഡോക്ടറുടെ കർശന നിർദ്ദേശം കണക്കിലെടുക്കാതെ തന്റെ കൈകാലുകൾ ചലിപ്പിക്കാനുള്ള നിശാന്ത പരിശ്രമങ്ങളിലും പരസഹായത്തോടെയുള്ള വ്യായാമ മുറകളിലും ഏർപ്പെട്ടു. ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ വൈദ്യ ശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൈകാലുകൾ ഭാഗീകമായി ചലിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

പിന്നീട് വീൽചെയറിൽ ഇരുന്നുകൊണ്ട് തന്നെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു. 1997 ൽ പുറത്തിറങ്ങിയ “In the Gloaming” എന്ന ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങൾ നേടി.പിന്നീട് THE REAR WINDOW എന്ന ക്ലാസിക് ചിത്രത്തിന്റെ ടെലിവിഷൻ പതിപ്പിൽ അഭിനയിച്ചും അദ്ദേഹം പുരസ്കാരം നേടി. ചലനശേഷി നഷ്ട്ടപെട്ട ജീവിതത്തിന്റെ പ്രയാസങ്ങളും വെല്ലുവിളികളും അനുഭവിച്ചറിഞ്ഞ ക്രിസ്റ്റഫർ റീവ്സ് അപകടത്തിലോ രോഗം മൂലമോ തന്നെപോലെ ശരീരം തളർന്നു കിടപ്പിലായവർക്കും, നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കും വേണ്ടി 1996 ൽ ഒരു ഫൗണ്ടേഷന് രൂപം നൽകി. തന്റെ ഭാര്യയുടെ പേരുകൂടി ചേർത്ത് “Christopher & Dana Reeve Foundation” എന്നായിരുന്നു അതിന്റെ പേര്. തനിക്ക് എഴുന്നറ്റ് നിക്കാൻ സാധിച്ചാൽ നടക്കാനുമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എന്നാൽ ആ ആഗ്രഹം സാധിക്കുന്നതിനും മുമ്പേ 2004 ഒക്ടോബർ 10 ന് ഹൃദയ സ്തംഭനം മൂലം റീവ്സ് ലോകത്തോട് വിട പറഞ്ഞു. എന്നാല്‍ അദ്ദേഹം തുടങ്ങി വെച്ച ഫൌണ്ടേഷൻ കാരണം നിരവധി മനുഷ്യർ ഇന്ന് സ്വന്തം കാലിൽ നടക്കുന്നു. 2023 പുറത്തിറങ്ങിയ ദി ഫ്ലാഷ് എന്ന ഡിസി ചിത്രത്തിൽ ക്രിസ്റ്റഫർ റീവിനെ CGI യുടെ സഹായത്തോടെ സൂപ്പർമാന്റെ രൂപത്തിൽ പുനർസൃഷ്ടിച്ചിരുന്നു.

Story Highlights : The story of Superman movie actor Christopher Reeve

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here