‘ജോലിഭാരം അന്നയെ തളർത്തി; ജോലി ചെയ്തിരുന്നത് 18 മണിക്കൂർ വരെ’; വെളിപ്പെടുത്തലുമായി സുഹൃത്ത്
അമിത ജോലിഭാരത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. 18 മണിക്കൂർ വരെയാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് അന്നയുമായി സംസാരിച്ചിരുന്നുവെന്ന് ആൻമേരി ട്വന്റിഫോറിനോട് പ്രതികരിച്ചു.
അന്ന ശനി ,ഞായർ ദിവസങ്ങളിലും അവധിയില്ലാതെ ജോലിയെടുത്തിരുന്നു. നാല് മണിക്കൂർ മാത്രമായിരുന്നു അന്ന ഉറങ്ങിയിരുന്നത്. ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ഈ ജോലി തന്റെ അവസാനമായിരിക്കുമെന്ന് അന്ന പറഞ്ഞിരുന്നതായി ആൻ മേരി പറഞ്ഞു. തുടർച്ചയായി ജോലി ചെയ്യുന്ന രീതിയിലയിരുന്നു അന്ന ജോലിയെടുത്തിരുന്നു. ഇടവേളകളില്ലാതെയായിരുന്നു അന്ന തൊഴിലിടത്ത്. സന്തോഷിക്കാൻ മാത്രം അന്നയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. ജോലി നിർത്തുന്നുവെന്ന് പലരോടും അന്ന പറഞ്ഞിരുന്നതായി സുഹൃത്ത് പറയുന്നു. ഒട്ടും സഹിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അവിടെയെന്ന് ആൻ മേരി പറയുന്നു.
Read Also: EY യിലെ അന്ന സെബാസ്റ്റ്യൻ്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
അതേസമയം ഇവൈ കമ്പനിക്ക് അന്ന സെബാസ്റ്റ്യന്റെ മാതാവ് കത്ത് നൽകി. ജോലി സമയം നിജപ്പെടുത്തണമെന്നും മാനേജർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. മറ്റൊരാൾക്കും ആ അവസ്ഥ വരരുതെന്ന് കത്തിൽ പറയുന്നു. മകളുടെ സംസ്‌കാരത്തിന് കമ്പനിയിൽ നിന്ന് ഒരാൾ പോലും എത്തിയില്ലെന്ന് മാതാവ് ആൻ അഗസ്റ്റിൻ പറയുന്നു.
മകൾക്ക് അവധി ലഭിക്കാറില്ലെന്ന് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. പരാതി അറിയിക്കാൻ സംവിധാനം ഇല്ലെന്ന് പിതാവ് ആരോപിച്ചു. ചെയർമാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് പുനെയിലെ ഓഫിസിലെ ഉദ്യോഗസ്ഥർ എത്തിയത്. കാര്യങ്ങൾ പരിശോധിക്കട്ടെയെന്ന് മാത്രമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്വേഷണത്തെക്കുറിച്ചോ നടപടി സ്വീകരിക്കുമെന്നോ കമ്പനി പറഞ്ഞിട്ടില്ല. ഇനി ഒരു കുട്ടിക്കും ഈ സാഹചര്യം ഉണ്ടാകരുതെന്ന് പിതാവ് പറഞ്ഞു. ജൂലൈ 20 നായിരുന്നു കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യൻ പേരയിൽ ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിക്കുന്നത്.
Story Highlights : Friend with revelations against EY company on Anna Sebastian death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here