തൃശൂർ പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി, സമർപ്പിച്ചത് 5 മാസങ്ങൾക്ക് ശേഷം
തൃശൂർ പൂരം കലക്കലിൽ എഡിജിപി അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്ന് സീൽഡ് കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴി സമർപ്പിച്ചത്. ഈ റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് 4 പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇതു പിന്നീട് ഡിജിപിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് ഡിജിപിക്ക് കൈമാറിയത്.
എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെതിരെ ആയിരുന്നു നടപടി.
Story Highlights : Investigation Report Finally Submitted Thrissur Pooram Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here