Advertisement

‘പി.വി അൻവറിനെ ആരും മുസ്ലിം ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ല’: പി.എം.എ സലാം

September 22, 2024
Google News 2 minutes Read

പി.വി അൻവറിനെ നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുവെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല. മുസ്ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നിൽക്കേണ്ടി വരും എന്ന് പറഞ്ഞാൽ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകുമെന്ന് അദ്ദേഹം ചോദിച്ചു.

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന മാധ്യമ പ്രവർത്തകർക്ക് മുസ്‌ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്‌ലിംലീഗും യു.ഡി.എഫും ഉന്നയിച്ചുവരുന്ന കാര്യങ്ങൾ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുത് എന്ന് മാത്രമേ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കാനുള്ളൂ. – പി.എം.എ സലാം വ്യക്തമാക്കി.

പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.മണ്ഡലം പ്രസിഡൻറ് അൻവറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ലായെന്നും പൊളിറ്റിക്കൽ സെക്രെട്ടറി പി ശശിക്കെതിരെ അന്വേഷണം വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാകാര്യങ്ങളെ കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണം. പി വി അൻവർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. പൂരം കലക്കിയസംഭവത്തിലും, പൊലീസിലെ ക്രിമിനൽ ആക്ടിവിറ്റീസിനെ കുറിച്ചുമൊക്കെ അന്വേഷണം നടത്തേണ്ടതുണ്ട് അതില്ലായെങ്കിൽ യുഡിഎഫ് ഇക്കാര്യങ്ങളെലാം ഉയർത്തിപ്പിടിച്ച് പ്രക്ഷോഭം നടത്തുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇക്കാര്യത്തിലെല്ലാം വിധിയെഴുതുമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.

മലപ്പുറത്തെ പൊലീസ് കുറച്ചുകാലം നടത്തിയ മൊത്തം പ്രവർത്തനങ്ങളിൽ മൊത്തം ദുരൂഹതയുണ്ട്. ചെറിയ ആരോപണങ്ങളല്ല വന്നിരിക്കുന്നത്. താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്‌. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. ‍യുഡിഎഫും ലീഗും പ്രക്ഷോഭം തുടരും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി വി അൻവർ എംഎൽഎയെ നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരിയാണ് മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്തത്. നാടിൻറെ നന്മയ്ക്കായി ഒരുമിച്ചു പോരാടാം എന്നായിരുന്നു ഇക്ബാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വാഗതം ചെയ്ത നടപടി പി കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തള്ളിപ്പറഞ്ഞതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Story Highlights : P M A Salam react  invited PV Anwar to the Muslim League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here