തൃശൂർ പൂരം അന്വേഷണ റിപ്പോർട്ട്: തുടർ നടപടികൾക്ക് ശുപാർശയില്ല; പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രം
എഡിജിപി എംആർ അജിത് കുമാർ തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയെ കുറിച്ച് പരാമർശിമില്ല. ഐജി, ഡിഐജി എന്നിവരെക്കുറിച്ച് പരാമർശമില്ലാതെയാണ് അന്വേഷണ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ഐജി കെ സേതുരാമനും ഡിഐജി അജിത ബീഗവും എന്ത് ചെയ്‌തെന്നും റിപ്പോർട്ടിലില്ല.
വീഴ്ച വരുത്തിയതിൽ തുടർനടപടികൾക്ക് ശുപാർശയുമില്ലാതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പൂരം കലങ്ങിയതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിലില്ല. ആകെയുള്ളത് പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രമാണ്. അങ്കിത് അശോകിനെതിരായ നടപടിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്.
പൂരം അവസാനിച്ചയുടൻ തന്നെ അങ്കിതിനെ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശം. നടപടി ഒന്നര മാസം വൈകിയത് തെരഞ്ഞെടുപ്പായതിനാലെന്നും റിപ്പോർട്ടിൽ പറയുന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് വീഴ്ച ഉണ്ടയെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്.
കഴിഞ്ഞദിവസമാണ് തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് ADGP എം.ആർ.അജിത് കുമാർ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഒരാഴ്ചയ്ക്കകം നൽകാൻ നിർദ്ദേശിച്ചിരുന്ന റിപ്പോർട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. 600 പേജുള്ള റിപ്പോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിയ്ക്ക് കൈമാറിയത്.
Story Highlights : No Recommendation for Further Action in Thrissur Pooram Inquiry Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here