Advertisement

‘മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്, ഉടന്‍ പുറത്താക്കണം’: രമേശ് ചെന്നിത്തല

September 26, 2024
1 minute Read
ramesh chennithala against pinarayi vijayan

തൃശൂരില്‍ പൂരം പൊളിച്ച് ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചത് മുഖ്യന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണെന്ന എല്‍ഡിഎഫ് എംഎല്‍എ പിവി അന്‍വറിന്റെ കൃത്യമായ പ്രഖ്യാപനം ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിന്റെ വഴിവിട്ട സഹായം പല കാര്യങ്ങളിലും ലഭിക്കുന്നതിനാണ് ഈ വിജയം എന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്.

എന്തുകൊണ്ടാണ് പൂരം കലക്കാന്‍ നേതൃത്വം കൊടുത്ത എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി എന്തു വില കൊടുത്തും സംരക്ഷിക്കുന്നത് എന്നും എന്തിനാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്നുമുള്ള കേരളജനതയുടെ മുഴുവന്‍ സന്ദേഹത്തിന് ഇപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്.

കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള കൊലച്ചതിയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. പരസ്യമായി ബിജെപിയോടുള്ള എതിര്‍ക്കുകയും ന്യൂനപക്ഷ പ്രേമം നടിക്കുകയും ചെയ്തിട്ട് കേരളത്തില്‍ നിന്ന് ഒരു പാര്‍ലമെന്റംഗത്തെ ബിജെപിക്ക് സംഭാവന ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇതാണോ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി? ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. ബിജെപിക്കു വിടുപണി ചെയ്ത മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കാതെ പുറത്താക്കുകയാണ് സിപിഐഎം ചെയ്യേണ്ടത്.

സ്വര്‍ണം പൊട്ടിക്കുന്നതില്‍ എസ്പി സുജിത് കുമാറിന്റെയും എഡിജിപി അജിത് കുമാറിന്റെയും പങ്ക് വ്യക്തമാക്കുന്ന തെളിവടക്കം പി.വി അന്‍വര്‍ മുഖ്യമന്ത്രിക്കു കൈമാറിയിട്ടും കുറ്റവാളികളായ ഉന്നതോദ്യോഗസ്ഥരെ സമ്പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് പരസ്യ പത്രസമ്മേളനം നടത്തി അന്‍വറിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതു എന്തുകൊണ്ടാണ് എന്ന് കേരളജനതയ്ക്ക് ഇപ്പോള്‍ മനസിലാകുന്നു. സ്വര്‍ണക്കടത്തു നടത്തുകയും പിടിക്കപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിടുപണി ചെയ്യുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്്. അതിനായി തിരഞ്ഞെടുപ്പുകള്‍ വരെ അട്ടിമറിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തില്‍ പങ്കാളികളാണ്. ശിവശങ്കര്‍ മുതല്‍ ഇപ്പോള്‍ എഡിജിപി വരെയുള്ളവര്‍ ഈ മാഫിയയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് ഈ മാഫിയെ നിയന്ത്രിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വലിയ അധോലോകകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ കൊള്ളസംഘത്തെ ഉടന്‍ പുറത്താക്കാന്‍ വേണ്ടത് സിപിഎം ചെയ്യണം. ഇല്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന കൊടും വഞ്ചനയാകും.

പുരം പൊളിച്ചതു മുതല്‍ സ്വര്‍ണക്കടത്തു വരെയുള്ള മുഴുവന്‍ മാഫിയാ പ്രവര്‍ത്തനങ്ങളും സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം. സംസ്ഥാന മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്. ഉടന്‍ പുറത്താക്കണം- രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Story Highlights : Ramesh Chennithala Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top