‘അന്‍വറിന്റെ ചെയ്തികള്‍ തെറ്റ്, മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതം’; മറുപടിയുമായി ടിപി രാമകൃഷ്ണന്‍

അന്‍വറിന്റെ ചെയ്തികള്‍ തെറ്റെന്ന് വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ലെന്നും ടിപി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അന്‍വര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം വിമര്‍ശിച്ചു. സി.പി.ഐ.എം അംഗമാണെങ്കില്‍ അന്‍വറിനെ സസ്‌പെന്‍ഡ് ചെയ്യാം. അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്.അത് ശരിയായ രീതിയല്ല – ടിപി രാമകൃഷ്ണന്‍ വിശദമാക്കി.
മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും നേടിയ അംഗീകാരമാണെന്നും ജനങ്ങള്‍ നല്‍കിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മ്മിച്ചതല്ലെന്നും ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ലെന്നും അന്‍വറിന്റെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി താനുള്‍പ്പെടെ പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മനസില്‍ കത്തിജ്വലിക്കുന്ന ഒരു സൂര്യനായിരുന്നെന്നും ഇപ്പോള്‍ ആ സൂര്യന്‍ കെട്ടുപോയെന്നും അന്‍വര്‍ വാര്‍ത്തസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍ നിന്ന് പൂജ്യമായി എന്ന് താന്‍ നേരിട്ട് മുഖ്യമന്ത്രിയോട് പറഞ്ഞു എന്നും അന്‍വര്‍ വ്യക്തമാക്കി.
Story Highlights : TP Ramakrishnan about PV Anwars allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here