Advertisement

‘മുഖ്യമന്ത്രി കത്തിജ്വലിച്ചുനില്‍ക്കുന്ന ഒരു സൂര്യനായിരുന്നു, അത് കെട്ടുപോയി… ആ മനുഷ്യന്‍ എന്നെ ചതിച്ചു’: പി വി അന്‍വര്‍

September 26, 2024
3 minutes Read
P V anvar against Pinarayi vijayan and P sasi

പിതാവിനെ പോലെ വിശ്വസിച്ച് തന്റെ ആരോപണങ്ങളും കണ്ടെത്തലുകളും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും ആരോപണവിധേയനായ എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം പോലും നടത്താന്‍ സാധിച്ചില്ലെന്നാണ് അന്‍വറിന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി നിസഹായനാണെന്ന് തനിക്ക് മനസിലായി. പൊലീസില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ആഭ്യന്തരവകുപ്പ് മന്ത്രി അറിയുന്നില്ല. കാട്ടുകള്ളന്‍ പി ശശിയാണ് മുഖ്യമന്ത്രിയെ കേരളത്തില്‍ വികൃതമാക്കുന്നത്. മുഖ്യമന്ത്രി എന്നെ ചതിച്ചെന്ന് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും മനസിലാക്കണമെന്നും അന്‍വര്‍ പറഞ്ഞു. പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം. ( P V anvar against Pinarayi vijayan and P sasi)

മുഖ്യമന്ത്രി താനുള്‍പ്പെടെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ കത്തിജ്വലിക്കുന്ന ഒരു സൂര്യനായിരുന്നെന്നും ഇപ്പോള്‍ ആ സൂര്യന്‍ കെട്ടുപോയെന്നും താന്‍ മുഖ്യമന്ത്രിയോട് നേരില്‍ കണ്ട് പറഞ്ഞെന്നാണ് അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍ നിന്ന് പൂജ്യമായി എന്ന് താന്‍ നേരിട്ട് മുഖ്യമന്ത്രിയോട് പറഞ്ഞു. അതെല്ലാം അദ്ദേഹം സാകൂതം കേട്ടുകൊണ്ടിരുന്നു. ‘മുഖ്യമന്ത്രിയോട് ഇതെല്ലാം പറയുമ്പോള്‍ എന്റെ തൊണ്ടയിടറി. പിതാവിനെ പോലെയാണ് ഞാന്‍ ആ മനുഷ്യനെ കണ്ടിരുന്നത്. അദ്ദേഹം തികഞ്ഞ സെക്യുലറിസ്റ്റാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അജിത് കുമാറിനെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൂടേയെന്ന് ഞാന്‍ ചോദിച്ചു. നോക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ആ മനുഷ്യന്‍ എന്നെ ചതിച്ചു.’ അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുസ്വര്‍ണം പൊലീസ് തട്ടിയെടുക്കുന്നുവെന്ന തന്റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കാന്‍ രണ്ട് വിഡിയോ തെളിവുകളുമായാണ് അന്‍വര്‍ ഇന്നെത്തിയത്. തങ്ങള്‍ കടത്തിയ സ്വര്‍ണം പൊലീസ് മുക്കിയെന്ന് രണ്ട് കാരിയറുമാര്‍ തന്നോട് പറയുന്ന വിഡിയോ അന്‍വര്‍ പുറത്തുവിട്ടു. സുജിത് ദാസും എഡിജിപിയും പി ശശിയും ചേര്‍ന്ന് സ്വര്‍ണം തട്ടിയെന്ന് അന്‍വര്‍ പറഞ്ഞു. പൊലീസിലെ ആര്‍എസ്എസ് വത്കരണം, സഖാക്കളെ അടിച്ചമര്‍ത്തല്‍ ഇതിനെതിരായാണ് താന്‍ വിളിച്ചുപറഞ്ഞത്. തന്റെ പിന്നില്‍ പടച്ചോന്‍ മാത്രമേയുള്ളൂ. പൊലീസിന്റെ നിലപാട് ശരിയല്ല. അതുകൊണ്ട് ഞാന്‍ പിന്നാലെ പോകും. ഇന്ന് കേരളത്തില്‍ നീതി കിട്ടാത്ത രണ്ട് വിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളും പാര്‍ട്ടി സഖാക്കളുമാണ്. ഒരു ജഡ്ജിയുടെ സാന്നിധ്യത്തില്‍ താന്‍ പറഞ്ഞ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: 24 വാര്‍ത്തയെന്ന തരത്തില്‍ എം വി ജയരാജനെ ലക്ഷ്യംവച്ച് വ്യാജ പ്രചാരണം; സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ച ആൾക്കെതിരെ കേസ്

താന്‍ ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. പി വി അന്‍വര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുത്തു. മുഖ്യമന്ത്രി അത്രത്തോളം കടത്തി പറയേണ്ടിയിരുന്നില്ല. നൊട്ടോറിയസ് ക്രിമിനലായ അജിത് കുമാറിന്റെ തിരക്കഥയാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ കള്ളക്കടത്തുകാരെ മഹത്വവത്കരിക്കുന്നുവെന്നാണ് ആരോപണം. ഇതെല്ലാം അജിത് കുമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞതാകാം. അല്ലാതെ അദ്ദേഹം പറയില്ലല്ലോ. അന്‍വര്‍ പറഞ്ഞു. അന്‍വറിന്റേത് കഴമ്പില്ലാത്ത പരാതിയാണെന്ന് പറയുന്നു. കഴമ്പില്ലാത്ത പരാതിയാണെങ്കില്‍ ചവറ്റുകൊട്ടയില്‍ ഇടുകയാണ് ചെയ്യുക. മുഖ്യമന്ത്രി തന്നെ സംശയ നിഴലില്‍ നിര്‍ത്തിയപ്പോള്‍ പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും അതുണ്ടായില്ല. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരസ്യപ്രസ്താവന വേണ്ടെന്ന് വച്ചിരുന്നു. സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചാണ് നിര്‍ദേശം മാനിച്ചത്. എന്നാല്‍ അന്വേഷണം കൃത്യമല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. മരംമുറി അന്വേഷണം പരിതാപകരമാണെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

റിദാന്‍ വധക്കേസിലും മരംമുറി കേസിലും സ്വര്‍ണക്കടത്ത് ആരോപണങ്ങളിലും അന്വേഷണം തൃപ്തികരമല്ലെന്ന് അന്‍വര്‍ പറയുന്നു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തിയ 188 കേസുകളില്‍ 25 സ്വര്‍ണക്കടത്തുകാരോടെങ്കിലും സംസാരിച്ചാല്‍ കടത്തുസ്വര്‍ണം എവിടെ വച്ച് പിടിച്ചു, പിന്നീട് എങ്ങോട്ട് മാറ്റി എന്നൊക്കെ അറിയാനാകുമായിരുന്നു. ഇത് താന്‍ ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷം വരെ അങ്ങനെയൊരു അന്വേഷണം നടന്നതായി തനിക്ക് അറിവില്ലെന്നും അന്‍വര്‍ പറയുന്നു. നിവൃത്തിയില്ലാതെ താന്‍ തന്നെ അന്വേഷണ ഏജന്‍സിയായി മാറുകയായിരുന്നു. ഇനി ഹൈക്കോടതിയില്‍ മാത്രമാണ് പ്രതീക്ഷ. കോടതിയെ ഉടന്‍ സമീപിക്കും. താന്‍ സ്വര്‍ണകടത്തുകാരെ വിളിപ്പിച്ചും അവരെ നേരില്‍ കണ്ടും അന്വേഷിച്ചു. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ എന്ന ആരോപണവും അന്‍വര്‍ ആവര്‍ത്തിച്ചു.

Story Highlights : P V anvar against Pinarayi vijayan and P sasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top