Advertisement

75-ാം നാള്‍ അര്‍ജുന്‍ വീട്ടില്‍ തിരികെയെത്തി; ഇല്ലായില്ല മരിക്കുന്നില്ലെന്ന് മുഷ്ടിചുരുട്ടി വിളിച്ച് ഒഴുകിയെത്തി നാട്ടുകാര്‍; കരഞ്ഞുകലങ്ങി കണ്ണാടിക്കല്‍

September 28, 2024
Google News 3 minutes Read
arjun dead body at Kannadikkal shirur arjun funeral updates

ഷിരൂരില്‍ മലയപ്പാടെയിടിഞ്ഞ് എഴുപതോളം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അര്‍ജുനെയോര്‍ത്തുള്ള നോവുണങ്ങാത്ത ജനസാഗരത്തിനിടയിലൂടെ അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചു. ഏറെ വികാര നിര്‍ഭരമായാണ് നാട് അര്‍ജുനെ ഏറ്റുവാങ്ങിയത്. അര്‍ജുന്റെ വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഓടിയപ്പോള്‍ പാതയുടെ വശങ്ങളില്‍ കണ്ണാടിക്കല്‍ ഗ്രാമം ഒന്നാകെ തടിച്ചുകൂടി. വിലാപങ്ങളും നിശ്വാസങ്ങളും കണ്ണീരും കൊണ്ട് തീര്‍ത്ത ആ പദയാത്രയ്ക്ക് മുന്നില്‍ മന്ത്രി എ കെ ശശീന്ദ്രനും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎല്‍എയും തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും നീങ്ങി. സാധാരണക്കാരന് കേരളം നല്‍കിയ ആ അനിതരസാധാരണ യാത്രയയപ്പിനെ കേരളക്കരയാകെ ഹൃദയം കൊണ്ട് അനുഗമിച്ചു. (arjun dead body at Kannadikkal shirur arjun funeral updates)

ഒന്‍പത് മണിയോടെ അര്‍ജുന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്ത് വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്‍ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നൂറുകണക്കിനാളുകള്‍ അര്‍ജുനെ കാണാന്‍ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ പശ്ചാത്തലത്തില്‍ പൊതുദര്‍ശനം നീളാനാണ് സാധ്യത. വീട്ടിലേക്ക് അര്‍ജുനെ എത്തിച്ചതോടെ ഇല്ലാ ഇല്ലാ മരിക്കുന്നില്ല എന്ന മുദ്രാവാക്യം മുഴക്കി നാട്ടുകാര്‍ അര്‍ജുനെന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് മുഷ്ടിചുരുട്ടി ഉറച്ചുപറഞ്ഞു.

Read Also: മലയാകെ ഇടിഞ്ഞ ഷിരൂര്‍ ദുരന്തം, ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ മറഞ്ഞ ലോറി, ഒരു മനസോടെ അര്‍ജുനെ തിരഞ്ഞ 72 ദിനങ്ങള്‍; ഷിരൂര്‍ ദൗത്യത്തിന്റെ നാള്‍വഴികള്‍

മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറുകളുമായെത്തുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ആ യുവാവിന്റെ വിയോഗം നാടിന് ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. വഴിയരികില്‍ കണ്ണീര്‍പൂക്കളുമായി കാത്തുനില്‍ക്കുകയാണ് നാട്ടുകാര്‍. ഇവിടെ അര്‍ജുനെ അറിയാത്ത ആരുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അര്‍ജുന്റെ നാട് എന്ന് അറിയപ്പെടണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് ട്വന്റിഫോറിലൂടെ അര്‍ജുന്റെ അയല്‍വാസികള്‍ വിതുമ്പി.

വികാര നിര്‍ഭരമായാണ് കേരളം അര്‍ജുനെ ഏറ്റുവാങ്ങിയത്. കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. പൂളാടിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവര്‍മാരും കണ്ണാടിക്കലില്‍ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നല്‍കും. ഒരു മണിക്കൂര്‍ നേരം വീട്ടില്‍ പൊതുദര്‍ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.

Story Highlights : arjun dead body at Kannadikkal shirur arjun funeral updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here