‘ആഷിറിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് മനസിലാകുന്നത്, മരണത്തില്‍ ദുരൂഹതയുണ്ട്’; പുതിയ ആരോപണവുമായി അന്‍വര്‍

മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി വടകര ആഷിറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ. ആഷിര്‍ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ് മരിച്ചതെന്നാണ് പറയുന്നതെങ്കിലും കുട്ടിയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണത്തില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നതെന്ന് അന്‍വര്‍ പറഞ്ഞു. ആഷിറിന്റെ മരണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയാണ്. ആഷിറും കുടുംബവും ആരോപണം ഉന്നയിച്ച ആളുകള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു. കേസില്‍ നിന്നും ചിലര്‍ രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. ( p v anvar kozhikode updates p v anvar allegation in ashir’s death)
മരിക്കുന്നതിന് മുന്‍പ് ആഷിറിനെ ഒരു മനോരോഗ കൗണ്‍സിലറെ കാണിച്ചപ്പോള്‍ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി കുട്ടി കൗണ്‍സിലറോട് പറഞ്ഞെന്ന് അന്‍വര്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ആഷിറിന്റെ കുടുംബത്തിന്റെ വാഹനം നിരവധി തവണ ഈ മയക്കുമരുന്ന് സംഘം തകര്‍ത്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പറയാനാകുമെന്ന് അന്‍വര്‍ പറഞ്ഞു.
ആഷിര്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു അജ്ഞാതന്‍ കുട്ടിയെ തൊട്ടടുത്തുള്ള ഖബറിസ്ഥാനിലേക്ക് കൂട്ടിക്കൊണ്ടുപോയതായി കണ്ടവരുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. പിന്നീട് ഒരു ചുവന്ന കാറില്‍ കുട്ടിയെ തിരിച്ചാക്കിയതായി സഹപാഠികളും കണ്ടിട്ടുണ്ട്. തുടര്‍ന്ന് കുട്ടി കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. കുട്ടിയ്ക്ക് വിഷം നല്‍കിയതാണെന്നാണ് മനസിലാകുന്നത്. മാമി തിരോധാനക്കേസിന്റേയും റിദാന്‍ വധക്കേസിന്റേയും മറ്റൊരു രൂപമാണ് ആഷിറിന്റെ മരണം. നിരവധി പേരെ പൊലീസ് മയക്കുമരുന്ന് കള്ളക്കേസില്‍ കുടുക്കുന്നുവെന്നും പൊലീസാണ് ഈ കച്ചവടങ്ങള്‍ക്ക് പിന്നിലെന്നും അന്‍വര്‍ ആരോപിച്ചു.
Story Highlights : p v anvar kozhikode updates p v anvar allegation in ashir’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here