മുഖ്യമന്ത്രി പിതൃതുല്യനെന്ന പരാമര്‍ശം: കുടുംബ വഴക്കുണ്ടായാല്‍ വാപ്പയെ കുത്തിക്കൊല്ലുമോയെന്ന് ടിപി രാമകൃഷ്ണന്‍, മാനസിക സംഘര്‍ഷമുണ്ടാക്കിയാല്‍ പലതും സംഭവിക്കുമെന്ന് അന്‍വര്‍
മുഖ്യമന്ത്രി പിതൃതുല്യനെന്ന പിവി അന്‍വറിന്റെ പരാമര്‍ശം സൂചിപ്പിച്ച് വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കുടുംബ വഴക്കുണ്ടായാല്‍ വാപ്പയെ ആരെങ്കിലും കുത്തിക്കൊല്ലുമോ എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ ചോദ്യം. താങ്ങാന്‍ പറ്റാത്ത മാനസിക സംഘര്‍ഷമുണ്ടാക്കിയാല്‍ അങ്ങനെ പലതും സമഭവിക്കുമെന്ന് പിവി അന്‍വര്‍ മറുപടി പറഞ്ഞു. ഇന്നലെ വന്ന ആള്‍ക്കൂട്ടം താത്കാലികമെന്ന ടിപി രാമകൃഷ്ണന്റെ പരാമര്‍ശത്തിലും അന്‍വര്‍ പ്രതികരിച്ചു. അതിന്റെ പേരില്‍ അദ്ദേഹം സുഖമായി ഉറങ്ങട്ടെ എന്നായിരുന്നു പ്രതികരണം.
പി വി അന്‍വറിന്റെ പൊതുസമ്മേളനത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. സിപിഐഎമ്മിന് ആശങ്കയില്ലെന്നും അന്‍വറിന്റെ നീക്കങ്ങള്‍ പാര്‍ട്ടി ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് പാര്‍ട്ടി മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ ഉള്ളിലുള്ള പ്രശ്‌നമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അന്‍വര്‍ പാര്‍ട്ടി അംഗമല്ലെന്നും പുറത്തുനിന്നു വന്ന ആളാണെന്നും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി തീരുമാനം അന്നത്തെ തീരുമാനത്തിലെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വറിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വവുമായി ബബന്ധപ്പെട്ട നടപടി കാത്തിരുന്നു കാണൂ എന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച കിട്ടിയത് ഇത്തരം കൊടുങ്കാറ്റിനെ അതിജീവിച്ച് കൊണ്ടുതന്നെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഡിജിപിക്കെതിരായ സിപിഐ നിലപാടിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സിപിഐ ഒരു പാര്‍ട്ടിയാണ്. അവര്‍ക്ക് അവരുടേതായ നിലപാട് ഉണ്ടാകും എന്നായിരുന്നു മറുപടി. ആരോപണം വന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരന്‍ ആകില്ലെന്നും എഡിജിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് വരാതെ ഒന്നും പറയാന്‍ കഴിയില്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
അന്‍വര്‍ എതിരായി കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയതിനാണ് കേസ്. ആരുടെയും ഫോണ്‍കോളുകള്‍ ആരും ചോര്‍ത്താന്‍ പാടില്ല.
Story Highlights : TP Ramakrishnan against PV Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here