Advertisement

നോര്‍ക്കയുടെ പ്രവര്‍ത്തനം പഠിക്കാന്‍ തമിഴ്‌നാട് സംഘമെത്തി

October 1, 2024
Google News 2 minutes Read

സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ പദ്ധതികളും സേവനങ്ങളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുന്നതിനുമായി തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡ് കമ്മിഷണര്‍ ബി. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള നാല് അംഗ പ്രതിനിധി സംഘം തിരുവനന്തപുരം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡിനെ പ്രതിനിധീകരിച്ച് ബോര്‍ഡ് അംഗങ്ങളായ ജി.വി. റാം, ധ്രുവ് ഗോയല്‍, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നോര്‍ക്ക വകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഡോ. കെ. വാസുകിയും അജിത് കോളശേരിയും തമിഴ്‌നാട് സംഘത്തോടു വിശദീകരിച്ചു.

സമഗ്ര വളര്‍ച്ചയ്ക്കായി പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. കെ. വാസുകി പറഞ്ഞു. പ്രവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാരിനു മുന്‍പാകെ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി ലോക കേരള സഭ മാറിക്കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.

മലയാളികള്‍ പുതിയ സ്ഥലങ്ങളിലേക്ക് ജോലി തേടി ചേക്കേറി തുടങ്ങിയതായി അജിത് കോളശേരി പറഞ്ഞു. പ്രവാസി മലയാളികളുടെ കഴിവും പരിചയവും കേരളത്തിന്റെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും തൊഴില്‍ അവസരം ഒരുക്കുന്നതിനായി നിക്ഷേപം ആകര്‍ഷിക്കുന്നതിനുമാണ് ശ്രമിക്കുന്നത്. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വരുന്ന മലയാളികള്‍ക്കായി നിരവധി സംരംഭക, ക്ഷേമ പദ്ധതികള്‍ നോര്‍ക്ക മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. നോര്‍ക്ക പ്രോജക്ട് മാനേജര്‍ ഫിറോസ് ഷാ, അസിസ്റ്റന്റ് കവിപ്രിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Story Highlights : Tamil Nadu Delegation Visits Kerala for Norka Roots Study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here