ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്
ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റര്‍ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് ആ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. കോഴിക്കോട് നടന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു. ഇന്നും കോടതിയില്‍ കേസുണ്ടായിരുന്നു.
ജോലിയ്ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ ഈ കര്‍ത്തവ്യം പി.എസ്.സി.യാണ് നിര്‍വഹിക്കുന്നത്. ആയത് നിയമനാധികാരികള്‍ ഉറപ്പ് വരുത്തുന്നു.
അതേസമയം രോഗികളെയും ഒപ്പമുള്ളവരെയും സംബന്ധിച്ച് ഇങ്ങനെ പരിശോധിക്കാന്‍ സാധിക്കുന്നതല്ല. കൊല്ലത്ത് വ്യാജ ഗൈനക്കോളജി സര്‍ട്ടിഫിക്കറ്റുമായി ഒരു ഡോക്ടര്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് 2019ല്‍ യുവതി മരിച്ച സംഭവത്തില്‍ ഫയല്‍ മുമ്പിലെത്തിയപ്പോഴാണ് ഡോക്ടര്‍ രജിസ്‌ട്രേഷന്‍ ഉള്ള ആളാണോ എന്നറിയുന്നതിന് പൊതുസമൂഹത്തിനും ഒരു സംവിധാനം ആവശ്യമാണെന്ന് ചിന്തിച്ചത്.
സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനോട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാരുടെ പേര് മെഡിക്കല്‍ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ സൈറ്റിലെ പ്രസ്തുത വിവരം ആവശ്യമുള്ളവര്‍ മാത്രം കാണുന്നതിന് ക്യുആര്‍ കോഡും ലഭ്യമാക്കാന്‍ കഴിയും.
വ്യാജ ഡോക്ടറുടെ ചികിത്സ മൂലം അച്ഛനെ നഷ്ടപ്പെട്ട ഡോ. അശ്വിനുമായി മന്ത്രി സംസാരിച്ചു. കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡോ. അശ്വിനോട് മന്ത്രി പറഞ്ഞു.
Story Highlights : Veena George on Doctors Practise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here