മുതലപ്പൊഴിയിൽ പുലിമുട്ടിലേക്ക് ഇടിച്ചുകയറി കൂറ്റൻ ബാർജ്; ജീവനക്കാരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം മുതലപ്പൊഴിയിൽ പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർനിയന്ത്രണം നഷ്ടപ്പെട്ട ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാർജിലുണ്ടായിരുന്ന അഞ്ചുജീവനക്കാരെ വടംക്കെട്ടിയാണ് പുറത്തെത്തിച്ചത്. അപകടത്തിൽ സാബിർ ഷൈക്ക് , സാദഅലിഗഞ്ചി എന്നീ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴിമുഖത്ത് നിന്നും നീക്കുന്ന മണൽ പുറംകടലിൽ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങൾക്ക് മുമ്പ് ബാർജ് മുതലപ്പൊഴിയിൽ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ മണൽ നീക്കം നിലച്ചു.ഇതോടെയാണ് ബാർജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. അപകടത്തിൽപ്പെട്ട ബാർജിനെ വേലിയേറ്റ സമയത്ത് കടലിലേക്ക് നീക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അദാനി ഗ്രൂപ്പാണ് ബാർജ് മുതലപ്പൊഴിയിൽ എത്തിച്ചത്.
Story Highlights : A huge barge crashed into the pulimoot at Mudalapozhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here