അലൻ വാക്കറിന്റെ സംഗീത നിശയ്ക്കിടെയുണ്ടായ മോഷണം; 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചു; മോഷണം നടന്നത് ഡാൻസിനിടയിൽ

അലൻ വാക്കർ സംഗീത നിശയ്ക്കിടെയുണ്ടായ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമാലദിത്യ. ഇതിൽ രണ്ട് പേരെ കൊച്ചിയിൽ എത്തിച്ചു. ഡൽഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയിൽ നിന്നുള്ള 4 അംഗ സംഘവും ഉൾപ്പെടെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കമ്മീഷണർ വ്യക്തമാക്കി.
ആകെ നഷ്ടമായ 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചുവെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഡാൻസിനിടയിലാണ് മോഷണം നടന്നത്. ഡൽഹിയിൽ നിന്ന് 20 ഫോണും മുംബൈയിൽ നിന്ന് 3 ഫോണും ലഭിച്ചു. കൊച്ചിയിൽ നിന്ന് മോഷ്ടിച്ച എത്ര ഫോൺ തിരികെ ലഭിച്ചു എന്ന് പറയാറായില്ലെന്ന് കമ്മീഷണർ പറഞ്ഞു. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Read Also: യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; ആക്രമിച്ചത് രണ്ട് സ്ത്രീകളെന്ന് FIR
ഡൽഹിയിൽ നിന്നുള്ളവർ ആറാം തീയതി ട്രെയിൻ മാർഗവും മുംബൈയിൽ നിന്നുള്ളവർ വിമാനം വഴിയുമാണ് എത്തിയത്. ഏഴാം തീയതി മടങ്ങുകയും ചെയ്തു. അത്തിബുർ റഹ്മാനെതിരെ 8 കേസുകളും വസിം അഹമ്മദിനെതിരെ നാല് കേസുകളും ഉണ്ട്. ശ്യാം ബൽവാലനെതിരെ ഏഴ് കേസുകളും സണ്ണി ബോലാ യാദവിനെതിരെ നാല് കേസുകളുമുണ്ട്. വസിം അഹമ്മദിനെയാണ് ആദ്യം പിടി കൂടിയത്. പ്രതികളെ പിടികൂടിയ പോലീസുകാർക്ക് പാരിതോഷികം നൽകുമെന്ന് കമ്മീഷണർ പുട്ട വിമാലദിത്യ അറിയിച്ചു.
കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു അലൻ വാക്കറിന്റെ നേത്യത്വത്തിൽ നടന്ന സംഗീത പരിപാടി. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.
Story Highlights : Mobile Theft during Alan Walker’s music show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here