ഉപതെരഞ്ഞെടുപ്പ് പോര് മുറുകി; പ്രചാരണം ശക്തമാക്കാൻ മുന്നണികൾ

മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് പോര് മുറുകി. ശക്തമായ മത്സരം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം മെട്രോമാൻ ഇ ശ്രീധരനെ വീട്ടിൽ സന്ദർശിച്ച് തുടങ്ങും. വൈകീട്ട് സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും നടക്കും. രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ കോട്ടമൈതാനത്ത് നിന്ന് പ്രചാരണം ആരംഭിക്കും. വിവാഹവീടുകളും ആരാധനാലയങ്ങളും സന്ദർശിക്കും. മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ടാണ് ഡോ പി സരിൻ തുടങ്ങുക.
വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ രംഗത്തിറക്കിയതോടെ മത്സര ചിത്രം വ്യക്തമായി. കോഴിക്കോട് സ്വദേശിയായ നവ്യ നിലവിൽ കോർപ്പറേഷൻ കൗൺസിലർ ആണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് സൗത്ത് മണ്ഡലത്തിൽ 20 ശതമാനത്തിൽ അധികം വോട്ടുകൾ നേടിയിരുന്നു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന നവ്യയെ രംഗത്തിറക്കിയത് വഴി ബിജെപി ലക്ഷ്യമിടുന്നത് കൂടുതൽ സ്ത്രീ വോട്ടർമാരെയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്നലെത്തന്നെ പ്രചാരണം തുടങ്ങിയിരുന്നു. ഇന്ന് രാവിലെ നിലമ്പൂർ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുള്ളത്. ഇരുപത്തിമൂന്നിനാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുക. അന്നുതന്നെ റോഡ് ഷോയോടു കൂടി കൽപ്പറ്റയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. 24 നാണ് സത്യൻ മൊകേരിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണം.
Read Also: ഗുരുതര സുരക്ഷാ വീഴ്ച; പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; ഹരിയാന സ്വദേശികൾ പിടിയിൽ
എൻഡിഎ സ്ഥാനാർഥി കൂടി രംഗത്ത് എത്തിയതോടെ ചേലക്കരയിലും മത്സര ചിത്രം തെളിഞ്ഞു. ചതുഷ്കോണ മത്സരത്തിലേക്ക് ചേലക്കര എത്തുമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇന്ന് വമ്പൻ റോഡ്ഷോ ആണ് ബിജെപി പദ്ധതിയിടുന്നത്. നാലു സ്ഥാനാർഥികളും ഇന്നുമുതൽ പ്രചാരണ രംഗത്ത് സജീവമാകും. 25ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന് വേണ്ടി മണ്ഡലത്തിലെത്തും.കേന്ദ്ര സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് യുഡിഎഫിന്റെ റോഡ് ഷോ നാളെ നടക്കും. യുഡിഎഫുമായി സഹകരിക്കാനുള്ള പി വി അൻവറിന്റെ നീക്കങ്ങൾ ഫലം കണ്ടാൽ ചേലക്കരയിൽ അപ്രതീക്ഷിത മാറ്റങ്ങളും സംഭവിച്ചേക്കാം. പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.
Story Highlights : Political parties to intensify by election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here