പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേർക്ക് ദാരുണാന്ത്യം
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ വ്യക്തമാക്കി.
കാർ അമിതവേഗത്തിലായിരുന്നുവെന്ന് എസ്എച്ച്ഒ എം ഷഹീർ ട്വന്റിഫോറിനോട് പ്രതികരിച്ചു. അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും.
പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ. കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പരിപാടികൾ ഇന്ന് ഉച്ചവരെ റദ്ദാക്കി.
Story Highlights : 5 died in Palakkad after car and lorry collided
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here