‘റോഡ് ഷോ നടത്തി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യം’, പി വി അന്‍വറിന്റെ നീക്കത്തെ പരിഹസിച്ചു തള്ളി സിപിഐഎം

പാലക്കാട് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പി വി അന്‍വറിന്റെ നീക്കത്തെ പരിഹസിച്ചു തള്ളി സിപിഐഎം. റോഡ് ഷോ നടത്തി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്നും പൊറാട്ട് നാടകം നടത്തി കളം വിടുകയാണ് പി വി അന്‍വര്‍ ചെയ്തതെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും ട്വന്റിഫോറിനോട് പറഞ്ഞു.
അന്‍വറിന്റെ പ്രസ്താവനകളെ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. അന്‍വര്‍ പറയുന്നതും ചെയ്യുന്നതും മറുപടി അര്‍ഹിക്കുന്ന കാര്യവുമല്ല. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്നതോടെ അന്‍വര്‍ തരംതാണു. റോഡ് ഷോയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നു എന്നാണ് പ്രഖ്യാപനം. റോഡ് ഷോ നടത്തുന്നത് സ്ഥാനാര്‍ഥിയെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്താനാണ്. ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ് റോഡ് ഷോയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത് – ഇ.എന്‍ സുരേഷ് ബാബു 24നോട് പറഞ്ഞു.
Read Also: ‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കും’; പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ
അന്‍വറിന്റേത് ബാര്‍ഗയിനിങ് രാഷ്ട്രീയമെന്നും സുരേഷ് ബാബു ആരോപിച്ചു. എവിടെ നിന്നും എന്ത് കിട്ടുമെന്നു നോക്കുകയാണ് അന്‍വറെന്നും ഗതികിട്ടാതെ തെരുവില്‍ അലയുന്ന അന്‍വര്‍ ഏതെങ്കിലും മുന്നണിയില്‍ സ്പേസ് കിട്ടുമോയെന്നു നോക്കുകയാണെന്നും സുരേഷ് ബാബു പറഞ്ഞു. തെക്കും വടക്കും നടക്കുന്ന ഗതികേടിലേക്ക് അന്‍വര്‍ മാറി. സിനിമ ഷൂട്ടിങ്ങുകള്‍ക്ക് പോകുന്ന പാവങ്ങളെ കൊണ്ടു വന്നു റോഡ് ഷോ നടത്തി.പൊറാട്ട് നാടകം നടത്തി കളം വിടുകയാണ് അന്‍വര്‍ ചെയ്തത്. അന്‍വര്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സാധനമേയല്ല. അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത് കൊണ്ടു കോണ്‍ഗ്രസിന് ഒരു നേട്ടവും ഉണ്ടാകില്ല. റോഡ് ഷോയില്‍ പങ്കെടുത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പാലക്കാട് വോട്ടില്ല – സുരേഷ് ബാബു വ്യക്തമാക്കി.
Story Highlights : CPIM about PV Anvar’s support to UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here