‘പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് കാരണം ഷാഫി പറമ്പിൽ; പാർട്ടിയെ വളർത്താൻ ശ്രമിച്ചില്ല’; എ രാമസ്വാമി

പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ പടലപിണക്കങ്ങൾക്കിടയിൽ ഷാഫി പറമ്പിലിനെതിരെ തുറന്നടിച്ച് മുൻ കോൺഗ്രസ്സ് നേതാവ് എ രാമസ്വാമി. പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഷാഫി പറമ്പിലാണ്. ഷാഫി പാർട്ടിയെ വളർത്താൻ ഒരിക്കലും ശ്രമിച്ചില്ലെന്നും സ്വന്തം പ്രതിഛായ വളർത്താൻ മാത്രം ശ്രമിച്ചെന്നും രാമസ്വാമി തുറന്നടിച്ചു.
ഷാഫി പാലക്കാട് സ്ഥാനാർത്ഥിയായി വന്ന സാഹചര്യത്തിൽ ജില്ലയിലെ കോൺഗ്രസിന് താത്പര്യമില്ലായിരുന്നു. എവി ഗോപിനാഥ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പാലക്കാട്ടെ കോൺഗ്രസിലെ ധാരണ. ഷാഫി സ്ഥാനാർത്ഥിയായപ്പോൾ കോൺഗ്രസുകാർ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. കൺവെൻഷൻ വിജയിപ്പിക്കാനായിട്ട് നിർമ്മാണ തൊഴിലാഴളികളെ കൊണ്ടുവന്നിരുന്നുവെന്ന് രാമസ്വാമി പറഞ്ഞു.
Read Also: വയനാട് ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും
ഷാഫിയെ എഴുതിതള്ളിയിരുന്നതാണ്. ജയിച്ച് കഴിഞ്ഞപ്പോൾ ഷാഫി ഒറ്റയാനായി മാറി. ഷാഫിയ്ക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതുവഴി നിർദേശം നൽകിയാണ് സംഘടന പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോടും ഒരു ആലോചനയും ഷാഫി നടത്താറില്ലെന്ന് രാമസ്വാമി പറഞ്ഞു. ഷാഫിയെ സംബന്ധിച്ചിടത്തോളം പാർട്ടി പ്രശ്നമേയല്ല. സ്ഥാപിത താത്പര്യം സംരക്ഷിക്കുന്നതിനായി ഷാഫി എന്തു നിലപാടും സ്വീകരിക്കുമെന്ന് രാമസ്വാമി പറയുന്നു.
ബിജെപിക്ക് അനുകൂലമായി ഷാഫി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഷാഫി വന്നതിന് ശേഷമാണ് പാലക്കാട് നഗരസഭ സ്ഥിരമായി ബിജെപി ഭരിക്കാനുള്ള അവസരമുണ്ടായതെന്ന് എ രാമസ്വാമി പറഞ്ഞു.
Story Highlights : Former congress leader A Ramaswami against Shafi Parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here