‘എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തു’ ; തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം

തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്.
ആരോപണം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നില്‍ കോവൂര്‍ നിഷേധിച്ചു. എന്നാല്‍ ആന്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാര്‍ത്ത നിഷേധിക്കുന്നില്ല എന്ന് ആന്റണി രാജു 24 നോടും പ്രതികരിച്ചു. താന്‍ പ്രതികരിക്കേണ്ട സമയമായില്ലെന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുമാണ് ആന്റണി രാജുവിന്റെ പക്ഷം.
Read Also: ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍
കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്. അതേസമയം, കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇന്നലെയാണ് കത്ത് നല്‍കിയത്. ആരോപണം തോമസ് കെ തോമസ് നിഷേധിച്ചു. താന്‍ ശരത്ത് പാവാറിനൊപ്പമാണെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് മുഖ്യമന്ത്രി വിമുഖത കാണിക്കുകയായിരുന്നു.
Story Highlights : Bribery allegation against Thomas K Thomas MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here