അരവണയിലെ കീടനാശിനി സാന്നിധ്യം; സ്റ്റോക്കുകള്‍ പുറത്തെടുത്ത് മാറ്റിത്തുടങ്ങി; ദേവസ്വം ബോര്‍ഡിന് ആകെ നഷ്ടം 7.80 കോടി രൂപ

ശബരിമലയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൂക്ഷിച്ചിരുന്ന അരവണ സ്റ്റോക്കുകള്‍ മാറ്റിത്തുടങ്ങി. ഒന്നര വര്‍ഷത്തിനുശേഷമാണ് ഗോഡൗണിലെ സ്റ്റോക്കുകള്‍ പുറത്തെടുക്കുന്നത്. 6.65 കോടിയുടെ അരവണയാണ് കീടനാശിനി സാന്നിധ്യത്തെത്തുടര്‍ന്ന് വില്‍ക്കാതെ പോയത്. (pesticides in aravana stocks shifted to pamba)
സന്നിധാനത്ത് നിന്ന് ട്രാക്ടറില്‍ അരവണകള്‍ പമ്പയില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. കേടായ അരവണ വളമാക്കാനാണ് ഉപയോഗിക്കുക. കരാര്‍ കമ്പനി അരവണ പൂനയിലേക്ക് കൊണ്ടുപോകും. അരവണ നശിപ്പിക്കാന്‍ 1.5 കോടിക്കാണ് കമ്പനി കരാര്‍ എടുത്തത്. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യാനായി തയാറാക്കിയ അരവണയില്‍ കീടനാശിനി സാന്നിധ്യമെന്ന കണ്ടെത്തലിലാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് അരവണ മാറ്റാന്‍ ആവശ്യപ്പെട്ടത്. 2023 ജനുവരി 11നാണ് അരവണയുടെ വില്‍പ്പന ഹൈക്കോടതി തടഞ്ഞത്.
അരവണയുമായി ബന്ധപ്പെട്ട കീടനാശിനി ആരോപണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആകെ നഷ്ടമാകുന്നത് 7.80 കോടി രൂപയാണ്. ഇന്ന് ഉച്ച മുതലാണ് അരവണ മാറ്റിത്തുടങ്ങിയത്. കീടനാശിനി സാന്നിധ്യമുള്ള അരവണ സന്നിധാനത്ത് സൂക്ഷിക്കുന്നതിനെതിരെയും മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നാളെ കൊണ്ട് പൂര്‍ണമായും അരവണകള്‍ നീക്കാനാണ് കരാറെടുത്ത കമ്പിനി പദ്ധതിയിട്ടിരിക്കുന്നത്.
Story Highlights : pesticides in aravana stocks shifted to pamba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here