മലയാളനാടും മലയാളിയും പൊളിയല്ലേ…; നമ്മുടെ സ്വന്തം കേരളത്തിനിന്ന് പിറന്നാള്‍

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്. (November 1 kerala piravi today)
മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി വിരിച്ച മലനിരകളും കണ്ണെത്താദൂരത്തോളം പൊന്നണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും ശാന്തസുന്ദരമായ കായല്‍പ്പരപ്പുകളും കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീര്‍ച്ചാലുകളും ഒത്തിണങ്ങിയ സ്വര്‍ഗമാണ് നമ്മുടെ സ്വന്തം കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇതുപോലെ മറ്റൊരിടവും ഭൂമിയില്‍ വേറെയുണ്ടാകാനില്ല.
1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്. പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകള്‍. സാമൂഹ്യനീതിയേയും സാമ്പത്തിക സമരങ്ങളേയും കൂട്ടിയോജിപ്പിച്ചുള്ള ഇടപെടലുകള്‍. ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ തുടങ്ങി എത്രയേറെ വിളക്കുമാടങ്ങള്‍.
രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. കാടും പുഴകളും കായലുകളുമൊക്കെ ആടയാഭരണങ്ങളായുള്ള സംസ്ഥാനം വിനോദസഞ്ചാരരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കി.
അന്തസായി ജീവിക്കുന്നതിനും സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സുഗമമാക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നവകേരള സൃഷ്ടിയാണ് ഇന്ന് സംസ്ഥാനം ലക്ഷ്യമിടുന്നത്. പക്ഷേ നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. സാമ്പത്തിക പരിമിതികള്‍ക്കിടയിലും സാമൂഹിക പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെ ഒരുമിച്ച് ചെറുക്കേണ്ടിയിരിക്കുന്നു. മതേതതര പാരമ്പര്യത്തെ ശക്തിപ്പെടുത്താനും മലയാള ഭാഷയേയും സംസ്‌കാരത്തേയും മാറോട് ചേര്‍ക്കാനും മലയാളികളായ നാം ഉണര്‍ന്നിരിക്കേണ്ടിയിരിക്കുന്നു.
Story Highlights : November 1 kerala piravi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here