നമ്മളിലൊരാള്‍ക്ക് ഒരാവശ്യം വന്നാല്‍ നാം ഒറ്റക്കെട്ടാണ്, ദുരന്തമുഖത്തെ കണ്ണീരൊപ്പാന്‍ ആയിരം കൈകള്‍ നീട്ടുന്ന മലയാളിയുടെ റിയല്‍ കേരള സ്റ്റോറി
ലോകത്തിന് മുന്നില്‍ കേരളം കാട്ടിക്കൊടുത്ത ഒരു അതിജീവന മാതൃകയുണ്ട്. ദുരന്തങ്ങള്‍ ഓരോന്നായി പെയ്തിറങ്ങിയപ്പോഴും മലയാളി ഒരുമയോടെ അത് നേരിട്ടു. അതിജീവനത്തിന്റെ കേരള മോഡലാണ് നമ്മള്‍ ലോകത്തിന് മുന്നിലേക്ക് വച്ചത്. ഒരു കേരളപ്പിറവി കൂടി വന്നപ്പോള്‍ മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും വിളിച്ചുപറയാനുള്ളതും ഒന്നിച്ച് അതിജീവിച്ചതിന്റെ ദി റിയല്‍ കേരള സ്റ്റോറിയാണ്. (the real kerala story of Malayali’s survival and brotherhood)
സമാനതകളില്ലാത്ത ദുരന്തങ്ങള്‍ ആണ് ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മാത്രം കേരളത്തിന് മുകളില്‍ തീമഴയായി പെയ്തിറങ്ങിയത്. ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം, ഓഖി, നിപ, കൊവിഡ്, പെട്ടിമുടി, കവളപ്പാറ, കൂട്ടിക്കല്‍ ദുരന്തങ്ങള്‍ ഒടുവില്‍ മഹാ ദുരന്തമായി മുണ്ടക്കൈയിലും ചൂരല്‍ മലയിലും വരെ എത്തി നില്‍ക്കുന്നു മലയാളി നേരിട്ട ദുരിത പര്‍വങ്ങള്‍. ഈ ദുരന്തങ്ങളെ ഒക്കെയും മലയാളി നേരിട്ടത് സഹോദര്യത്തിന്റെയും ഒരുമയുടെയും കരളുറപ്പോടെയാണ്.
സുനാമി ദുരന്തത്തിന് ശേഷം മത്സ്യത്തൊഴിലാളി മേഖല കണ്ട അപ്രതീക്ഷിതമായ വലിയ ദുരന്തമായിരുന്നു 2017 നവംബര്‍ 29ലെ ഓഖി ദുരന്തം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും ഏജന്‍സികളെയും നാവിക, വ്യോമ, തീരരക്ഷാസേനകളെയും ഏകോപിപ്പിച്ച് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു നടത്തിയത്.
1924ലെ വെള്ളപ്പൊക്കത്തിന് ശേഷം ഉണ്ടായ വലിയ പ്രളയം ആയിരുന്നു കേരളം 2018 ല്‍ കണ്ടത്. ചുറ്റും വെള്ളം കൊണ്ട് മുറിവേറ്റവര്‍ക്കരികിലേക്ക് കേരളത്തിന്റെ സൈന്യം ആയ മത്സ്യതൊഴിലാളികളും വിവിധ സേനകളും ഒരു കൂട്ടം നല്ല മനുഷ്യരും ഒരു നിമിഷം പോലും പാഴാക്കാതെ ഓടിയെത്തി. നാന്നൂറില്‍ അധികം പേരുടെ ജീവനെടുത്ത പ്രളയത്തില്‍ 14 ലക്ഷത്തില്‍ അധികം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരേണ്ടവര്‍ അതിലധികവും. അവര്‍ക്ക് മുന്നിലേക്കാണ് ആടിനെ വിറ്റ പൈസയുമായി സുബൈദുമ്മയും ബീഡി തെറുത്ത കാശുമായി ജനാര്‍ദ്ദനനുമൊക്കെ എത്തിയത്. കേരളം കണ്ട ചേര്‍ത്ത് നിര്‍ത്തലിന്റെ ഏറ്റവും ഉദാത്തമായ മാതൃകകളായിരുന്നു അവ.
2019ലും കേരളത്തിന് പ്രളയത്തെ നേരിടേണ്ടി വന്നു. തുടര്‍ച്ചയായി ഉണ്ടായ രണ്ട് പ്രളയങ്ങളെയും കേരളം നേരിട്ടത് അസാധാരണമായ ഒരുമയിലൂടെയായിരുന്നു. ലോകത്തിനു തന്നെ മാതൃക ആയി മലയാളിയുടെ ഐക്യം.പിന്നീട് തുടരെ വന്ന നിപയിലും കൊവിഡിലും ഈ അതിജീവന മാതൃക തുടര്‍ന്നു. കേരളത്തെ അങ്ങനെ ഒന്നും തകര്‍ക്കാന്‍ ആവില്ലെന്നു അന്ന് ഇന്നാട്ടിലെ മനുഷ്യര്‍ കാണിച്ചു കൊടുത്തു. മതത്തിനും ജാതിക്കും മറ്റ് അതിര്‍വരമ്പുകള്‍ക്കും ഒക്കെ അപ്പുറം ഒരുമ കൊണ്ട് അതിജീവിക്കാമെന്ന്. ഒടുവില്‍ ഉരുളു തകര്‍ത്ത മുണ്ടക്കൈയിലും ചൂരല്‍ മലയിലും വരെ മലയാളിയുടെ കരളുറപ്പ് നാം കണ്ടു. ദുരന്തമുഖത്ത് വീണ്ടും നമ്മള്‍ ഒന്നായി. ഉറ്റവരും ഉടയവരും ഉള്‍പ്പെടെ സര്‍വ്വതും നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് കേരളം വീണ്ടും മാതൃകയായി.
Story Highlights : the real kerala story of Malayali’s survival and brotherhood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here