Advertisement

അമേരിക്കൻ ചാര സംഘടനയ്ക്ക് ഗുജറാത്തി തലവനെത്തുമോ? ട്രംപിൻ്റെ വിശ്വസ്‌തൻ കശ്യപ് പട്ടേലിന് പ്രധാന പദവിക്ക് സാധ്യത

November 7, 2024
Google News 2 minutes Read
trump

അമേരിക്കൻ പ്രസിഡൻ്റ് പദത്തിൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയ ഡൊണാൾഡ് ട്രംപ്, തൻ്റെ മന്ത്രിസഭാംഗങ്ങളെയും ഭരണതലത്തിലെ ഉന്നത സ്ഥാനങ്ങളിലേക്കും ആളുകളെ ഉടൻ തീരുമാനിക്കും. ഇന്ത്യൻ വംശജനായ കാഷ് എന്ന് വിളിക്കപ്പെടുന്ന കശ്യപ് പട്ടേലിന് ഇതിൽ സുപ്രധാന സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. ട്രംപിൻ്റെ വിശ്വസ്തരിൽ ഏറ്റവും വിശ്വസ്തനായി കണക്കാക്കുന്ന കശ്യപ് പട്ടേലാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ എന്ന ആരോപണത്തെ മറികടക്കാനും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിശ്വാസ്യത ഉറപ്പിക്കാനും ഇടപെട്ടത്. മുൻ ട്രംപ് ഭരണകൂടത്തിൽ പ്രതിരോധ-രഹസ്യാന്വേഷണ മേഖലയിൽ നിർണായക ചുമതലകൾ വഹിച്ച കശ്യപ്, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒഴിവാക്കാനാത്ത വ്യക്തിത്വവുമാണ്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടറായി കശ്യപിനെ നിയമിക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയർന്നുകഴിഞ്ഞു. യു.എസ് സെനറ്റിൻ്റെ അംഗീകാരം ലഭിച്ചാലേ നിയമനം ഉറപ്പിക്കാൻ കഴിയൂ. സെനറ്റിലേക്കും ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം തൊടാൻ സാധിച്ചതിനാൽ ഇത് ഏറെക്കുറെ എളുപ്പമാണ്. സിഐഎ ഡയറക്ടർ സ്ഥാനം ലഭിച്ചില്ലെങ്കിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ കശ്യപിന് സുപ്രധാന സ്ഥാനമുണ്ടാകും.

അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി ദമ്പതികളുടെ മകനാണ് കശ്യപ് പട്ടേൽ. ഇദി അമിൻ്റെ ഭരണകാലത്ത് അമേരിക്കയിൽ നിന്ന് ഉഗാണ്ടയിലേക്ക് പോയ കശ്യപിൻ്റെ പിതാവ് പിന്നീട് 1970 കളിലാണ് അമേരിക്കയിൽ താമസമാക്കിയത്. 1980 ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലായിരുന്നു കശ്യപിൻ്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യു.കെയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഫാക്കൽറ്റി ഓഫ് ലോയിൽ നിന്ന് ഇൻ്റർനാണൽ ലോയിൽ സർട്ടിഫിക്കറ്റ് കോഴ്സും പാസായി.

Read Also: ഭാരക്കുറവ് തോന്നിക്കുന്ന ശരീരം, ഒട്ടിയ കവിൾ; സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക

ന്യൂയോർക്കിൽ തിരിച്ചെത്തി അഭിഭാഷകവൃത്തിയിലേക്ക് കടന്ന ഇദ്ദേഹം സങ്കീർണമായ കേസുകളിലാണ് കൈവച്ചത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോയി. പിന്നീട് നീതിന്യായ വകുപ്പിൽ തീവ്രവാദ പ്രൊസിക്യൂട്ടറായി നിയമിക്കപ്പെട്ട അദ്ദേഹം പല അന്വേഷണങ്ങളെയും നയിച്ചു. അമേരിക്കൻ പ്രതിരോധ വകുപ്പിൻ്റെ വിലയിരുത്തൽ പ്രകാരം അൽ ഖ്വെയ്‌ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ നിരവധി സംഘടനകളിൽ നിന്നുള്ള തീവ്രവാദികളെ ജയിലിലടക്കുന്നതിലും കനത്ത ശിക്ഷ വാങ്ങി നൽകുന്നതിലും കശ്യപിൻ്റെ സാമർത്ഥ്യം തെളിഞ്ഞുനിന്നു. തീവ്രവാദ വിരുദ്ധ നീക്കങ്ങൾ നയിച്ച ജോയിൻ്റ് സ്പെഷൽ ഓപറേഷൻസ് കമ്മാൻഡിൽ ലെയ്‌സൺ ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

എന്നാൽ ഒന്നാം ട്രംപ് സർക്കാരിൻ്റെ കാലത്താണ് കശ്യപിനെതിരെ വിമർശനങ്ങൾ ഉയർന്നത്. പ്രസിഡൻ്റിൻ്റെ പ്രീതി പറ്റാൻ അമിതാവേശം കാണിക്കുന്നുവെന്നായിരുന്നു വിമർശനം. അന്ന് നാഷണൽ ഇൻ്റിജൻസ് ആക്ടിംഗ് ഡയറക്ടറുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടിയായി പ്രവർത്തിച്ചപ്പോൾ 17 ഓളം രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. തൻ്റെ ഭരണത്തിൻ്റെ അവസാന കാലത്ത് കശ്യപിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും പാർട്ടിക്കകത്ത് എതിർപ്പിനെ തുടർന്ന് പിൻവലിയുകയായിരുന്നു.

വൈറ്റ് ഹൗസിൽ ട്രംപിനോട് താത്പര്യമില്ലാത്തവരെന്ന് തോന്നുന്ന ഒരാളെ പോലും ഒഴിയാതെ പറഞ്ഞുവിടാനുള്ള അധികാരം കശ്യാപിന് കൈവന്നത് 2016 ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന 2018 ലെ വിവാദം കാലത്താണ്. റിപ്പബ്ലിക്കൻ പാർട്ടിക്കകത്ത് ശക്തമായ മുറുമുറുപ്പിന് കാരണമായ ഈ വിവാദത്തിൽ നിന്ന് ട്രംപിനെ രക്ഷിച്ചെടുത്ത ന്യൂൺസ് മെമ്മോ എന്ന നാല് പേജ് വിശദീകരണ കുറിപ്പിൽ കശ്യപ് തൻ്റെ കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള യുഎസ് ഹൗസ് ഇൻ്റലിജൻസ് കമ്മിറ്റി മുൻപാകെ വെച്ച ഈ വിശദീകരണ കുറിപ്പിന് ശേഷം ഡൊണാൾഡ് ട്രംപിന് പാർട്ടിയിലും ജനങ്ങളിലും നഷ്ടമായ വിശ്വാസം തിരികെ പിടിക്കാൻ സാധിച്ചിരുന്നു.

യുക്രൈൻ വിഷയത്തിൽ 2019 ൽ, ആദ്യം പ്രസിഡൻ്റായിരിക്കെ ട്രംപിൻ്റെ നിലപാടിനെതിരെ ആരോപണങ്ങൾ ശക്തമായി ഉയർന്ന ഘട്ടത്തിൽ, വൈറ്റ് ഹൗസിൽ ചേർന്ന പ്രസിഡൻ്റിൻ്റെ വിശ്വസ്തരുടെ യോഗത്തിൽ പട്ടേലും പങ്കെടുത്തിരുന്നു. അന്ന് ഡെപ്യൂട്ടിൽ നാഷണൽ സെക്യൂരിറ്റി അഡ്വൈസറായി പ്രവർത്തിച്ച ചാൾസ് കുപ്പർമാനായിരുന്നു മറ്റൊരാൾ. പ്രസിഡൻ്റിന് മുന്നിൽ നിരത്തിവച്ച നാല് കസേരകളിലൊന്നിൽ താരതമ്യേനെ വളരെ താഴ്ന്ന പദവിയിലിക്കുന്ന കശ്യപ് പട്ടേൽ ഇരിക്കുന്നത് കണ്ട് താൻ ഞെട്ടിയെന്നാണ് കുപ്പർമാൻ പിന്നീട് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞത്. ട്രംപിൻ്റെ മനസറിഞ്ഞ് പ്രവർത്തിച്ച കശ്യപ്, കുപ്പർമാനേക്കാൾ ട്രംപിന് പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്നു.

ട്രംപിൻ്റെ വിദേശനയങ്ങളെ ശക്തമായി വാദിക്കുന്ന കശ്യപ്, ഇന്ത്യ അമേരിക്കയുടെ ഉറ്റസുഹൃത്താണെന്നും മോദി – ട്രംപ് സൗഹൃദം ശക്തമാണെന്നും മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ വിഭവങ്ങൾ മറ്റ് രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് വേണ്ടി കൈയ്യും കണക്കുമില്ലാതെ പാഴാക്കുന്നതിനെതിരായ ട്രംപിൻ്റെ നയം ശരിയാണെന്നും യൂറോപ്യൻ രാജ്യങ്ങളിലെ സഖ്യകക്ഷികളുടെ കാര്യത്തിലടക്കം ട്രംപിൻ്റെ താത്പര്യങ്ങളിലൂന്നിയാണ് കശ്യപ് പ്രതികരിച്ചിട്ടുള്ളത്. ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കപ്പെട്ടപ്പോഴും കശ്യപ് തൻ്റെ നിലപാട് മാറ്റിയില്ല. ഇന്ത്യൻ-അമേരിക്കനെന്ന് അഭിമാനത്തോടെ പറയുന്ന കശ്യപ് ഉന്നത പദവിയിലെത്തുന്നത് സൗഹൃ രാജ്യമെന്ന നിലയിൽ ഇന്ത്യക്കും ഏറെ സന്തോഷം നൽകുന്നതാണ്.

Story Highlights : Trump’s confidant Kashyap Patel is likely to get a key position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here