ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍

ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍. ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്ത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍ കലക്ടര്‍ക്ക് ബില്‍ സമര്‍പ്പിച്ചു.
പ്രതിമാസം ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ അനുവദിക്കുന്നത് 6000 രൂപയാണ്. ഈ സ്ഥിതി ഉള്ളപ്പോഴാണ് പ്രതിദിനം 4000 രൂപ ഉദ്യോഗസ്ഥര്‍ എഴുതിയെടുക്കുന്നത്. മന്ത്രിമാര്‍ പോലും ഗസ്റ്റ് ഹൗസുകളെ ആശ്രയിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഹോട്ടലുകളില്‍ താമസിച്ചത്.
പാവപ്പെട്ട സാധാരണക്കാരായ ആളുകള്‍ ദുരന്തത്തിന് ഇരയാകുമ്പോള്‍ അവര്‍ക്ക് അനുവദിക്കേണ്ട പണം ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിത്തിന് വേണ്ടി വിനിയോഗിച്ചു എന്ന് പറഞ്ഞാല്‍ വിഷമകരമായ കാര്യമാണെന്ന് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ആഢംബരം കാണിക്കാന്‍ നല്‍കാനുള്ളതല്ല ദുരന്ത നിവാരണത്തിനുള്ള പണമെന്ന് പറഞ്ഞുകൊടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വിശദമാക്കി. ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം റവന്യൂ വകുപ്പ് അന്വേഷിക്കണമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ ഉദ്യോഗസ്ഥര്‍ റസ്റ്റ് ഹൗസില്‍ ആണ് ഇത്തരം സമയങ്ങളില്‍ താമസിക്കുക. ഇത് അപൂര്‍വ്വം. എന്താണ് സംഭവിച്ചതെന്ന് റവന്യൂ വകുപ്പ് അന്വേഷിക്കണം. ദുരന്തസമയത്ത് ദുരിത ബാധിതര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. അവര്‍ക്ക് വാടക നല്‍കേണ്ട പണം ഉപയോഗിക്കുന്നത് അക്ഷന്തവ്യമായ തെറ്റ് – അദ്ദേഹം വിശദമാക്കി.
Read Also: പി.പി ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് തലശ്ശേരി സെഷൻസ് കോടതി
ഇന്നലെയാണ് ഇത്തരത്തിലൊരു ബില്ല് ഉണ്ടെന്ന് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു. ധൂര്‍ത്ത് എന്ന വാക്ക് തന്നെയേ ഇതിന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. വാടകയ്ക്ക് താമസിക്കുന്ന ആളുകള്‍ക്ക് ഒരു മാസം 6000 രൂപയാണ് ഇതിനായി കാടുക്കന്ന തുക. ഇവിടെ ഒരു ഉദ്യോഗസ്ഥന്റെ താമസത്തിന് വേണ്ടി ഒരു ദിനം 4000 രൂപയാണ് ചിലവഴിക്കുന്നത്. 48 ദിവസമാണ് അദ്ദേഹം താമസിച്ചിരിക്കുന്നത്. അപ്പോള്‍ 1,92,000 രൂപ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അക്കൗണ്ടില്‍ നിന്നും പേമെന്റ് നടത്തേണ്ട സാഹചര്യമാണുള്ളത്. വിവരമറിഞ്ഞപ്പോള്‍ തന്നെ കളക്ടറുമായി സംസാരിച്ചു. വ്യക്തമായ മറുപടി ലഭിച്ചില്ല. ബില്ല് പേ ചെയ്‌തോ, ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ?എന്തുകൊണ്ട് ഇത്ര ബില്ല് വന്നു എന്നതിലൊന്നും മറുപടി ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല – അദ്ദേഹം വിശദമാക്കി.
ഈ ഉദ്യോഗസ്ഥന്‍ താമസിച്ച ഹോട്ടലില്‍ നിന്നും 100 മീറ്റര്‍ മാറിയാണ് പി ഡബ്ല്യുഡി റസ്റ്റ് ഹൗസ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ ആവശ്യത്തിന് മുറികള്‍ ഉണ്ടെന്നും ആ മുറികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇവിടെ മുറികള്‍ ഇല്ലാത്ത സാഹചര്യമാണെങ്കിലും ഈ ഹോട്ടലിലെ ഏറ്റവും വാടകയുള്ള മുറിയാണ് താമസിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് എടുത്തിരിക്കുന്നതെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഒരു വ്യക്തിക്ക് ഇത്രയും വാടകയുള്ള റൂമെടുക്കാന്‍ നിയമപരമായി അനുവാദമുണ്ടോ എന്നുള്ളത് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Officials used Chooralmala Mundakkai disaster as an opportunity for extravagance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here