ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രം, ഹിന്ദുക്കൾക്കും സിഖുകാർക്കും വിളമ്പില്ലെന്ന് എയർ ഇന്ത്യ
വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
‘മുസ്ലീം മീൽ’ വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും.
എല്ലായ്‌പ്പോഴും യാത്രക്കാരുടെ സൗകര്യാർത്ഥം ഭക്ഷണത്തിന് വ്യത്യസ്ത ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്ന് ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, വിസ്താരയുമായി ലയിച്ചതോടെ എയർ ഇന്ത്യ കൂടുതൽ വളർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്ഷണ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
Story Highlights : air india ends halal meal service for hindu passengers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here