Advertisement

ആരാധകര്‍ നിരാശയില്‍; പരാഗ്വായോട് തോല്‍വി വാങ്ങി അര്‍ജന്റീന

November 15, 2024
Google News 2 minutes Read
Argentina vs paraguay

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ലീഡ് എടുത്തിട്ടും ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരത്തില്‍ ഒത്തിണക്കമില്ലാതെ കളിച്ച് പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന. മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട് പുറത്തായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തിരികെ എത്തിയ മത്സരം കൂടിയായിരുന്നു ഇത്. ലോക ചാമ്പ്യന്മാരോട് പതറാത പൊരുതിയ പരാഗ്വായ് ആകട്ടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ഹിക്കുന്ന വിജയം സ്വന്തമാക്കിയത്. ലൗതാറോ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ ഏകഗോള്‍ നേടിയത്. 19-ാം മിനിറ്റില്‍ അന്റോണിയോ സനാബ്രിയയും 47-ാം മിനിറ്റില്‍ ഒമര്‍ ആല്‍ഡെര്‍റ്റെയുമാണ് പരഗ്വെക്കായി സ്‌കോര്‍ ചെയ്തത്.

മത്സരം നിയന്ത്രണത്തിലാക്കുമെന്ന് തോന്നിപ്പിക്കുന്ന വിധം തുടക്കത്തില്‍ തന്നെ നീലക്കുപ്പായക്കാര്‍ ലീഡ് എടുക്കുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ ഓവര്‍ ഹെഡ് പാസ് സ്വീകരിച്ച് പ്രതിരോധ താരങ്ങളെ പിന്നിലാക്കി ബോക്‌സിലേക്ക് കയറി ലൗതാറോ മാര്‍ട്ടിനസ് എടുത്ത ഷോട്ട് വലക്കുള്ളിലായി. എന്നാല്‍ ലൈന്‍സ്മാന്റെ ഓഫ്‌സൈഡ് ഫ്‌ളാഗ്. ഉയര്‍ന്നതോടെ വീഡിയോ പരിശോധനക്ക് ശേഷമാണ് റഫറി ഗോള്‍ അംഗീകരിച്ചത്. സ്‌കോര്‍ 1-0.

അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്ക് അധികസമയം ആയുസ് ഉണ്ടായിരുന്നില്ല. സനാബ്രിയ ആയിരുന്നു അര്‍ജന്റീനക്കാരുടെ സന്തോഷം തല്ലിക്കെടുത്തിയത്. അര്‍ജന്റീന ഹാഫില്‍ ഇടതുവിങ്ങില്‍ നിന്ന് ബോക്‌സിന്റെ വലതുകോര്‍ണറിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് സ്വീരിച്ച ഗുസ്താവോ വലാസ്‌ക്വെസ് ബോക്‌സിനുള്ളില്‍ നിന്ന സനാബ്രിയയെ ലക്ഷ്യമാക്കി ഉയര്‍ത്തിയിട്ടതും സുന്ദരമായ ബൈസിക്കിള്‍ കിക്കില്‍ ഗോള്‍ പിറന്നു. സ്‌കോര്‍ 1-1 ഗോള്‍ വീണതിന് പിന്നാലെ മധ്യനിരയും മുന്നേറ്റവും ലീഡ് എടുക്കാനുള്ള സര്‍വ്വ ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും പരാഗ്വെ പ്രതിരോധം പിടിച്ചു നിന്നു. ഇരു ഭാഗത്ത് നിന്നും ഗോളില്ലാതെ സമനിലയോടെ തന്നെ ആദ്യപകുതി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പരഗ്വെ ലോക ചാമ്പ്യന്മാരെ വീണ്ടും ഞെട്ടിച്ചു. ഡിയാഗോ ഗോമസ് എടുത്ത ഫ്രീകിക്കില്‍ നിന്ന് ഒമര്‍ ആല്‍ഡെരെറ്റെ പണിപ്പെട്ട് നേടിയ ഹെഡ്ഡര്‍ ഗോളിലൂടെ പരാഗ്വാ ലീഡ് എടുത്തു. അര്‍ജന്റീനന്‍ പകുതിയിലെ ഇടതുപാര്‍ശ്വത്തില്‍ നിന്ന് ഫൗളിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് ഡിയാഗോ ഗോമസ് ബോക്‌സിലേക്ക് കൃത്യമായി തൊടുത്തു. ബോക്‌സിലുണ്ടായിരുന്നു മറ്റു പരാഗ്വെ താരങ്ങളെ കടന്ന് ആല്‍ഡെര്‍റ്റെയുടെ തലക്ക് പാകത്തില്‍ പന്ത് എത്തിയതും ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് അയച്ചപ്പോള്‍ അര്‍ജന്റീനിയന്‍ കീപ്പര്‍ക്ക് വെറും കാഴ്ച്ചക്കാരനാവേണ്ടി വന്നു. സ്‌കോര്‍ 2-1.

പിന്നിലായതോടെ ഗോള്‍ മടക്കാനുള്ള അര്‍ജന്റീനയുടെ ദുര്‍ബലമായ ശ്രമങ്ങളാണ് പിന്നീട് കണ്ടത്. ഒത്തിണക്കമുള്ള നീക്കങ്ങളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ പരാഗ്വെ താരങ്ങള്‍ ഒന്നിച്ച് പ്രതിരോധം തീര്‍ക്കുന്ന കാഴ്ച്ചയായിരുന്നു. പല തവണ പരാഗ്വെ ഗോള്‍മുഖത്ത് പന്തെത്തിച്ച മെസിയും കൂട്ടര്‍ക്കും ഗോള്‍ മാത്രം നേടാനായില്ല. അതേ സമയം പത്ത് ടീമുകളുള്ള ലാറ്റിനമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ 11 കളികളില്‍ 22 പോയന്റുമായി അര്‍ജന്റീന തന്നെയാണ് ഇപ്പോഴും ഒന്നാമത്. 19 പോയിന്റുമായി കൊളംബിയയാണ് രണ്ടാമത്.

Story Highlights: Argentina vs Paraguay World Cup Qualifying Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here